Site iconSite icon Janayugom Online

തുടക്കത്തില്‍ത്തന്നെ എല്‍ഡിഎഫ് കളം നിറഞ്ഞു

LDFLDF

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ പ്രചരണത്തുടക്കത്തില്‍ത്തന്നെ കളം നിറഞ്ഞ് എല്‍ഡിഎഫ്. വയനാട് ലോ‌ക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി, നിയമസഭാ മണ്ഡലങ്ങളായ ചേലക്കരയില്‍ യു ആർ പ്രദീപ്, പാലക്കാട്ട് പി സരിന്‍ എന്നിവര്‍ ആദ്യഘട്ട പ്രചരണത്തിന്റെ തിരക്കിലായി.
കല്പറ്റയെ ഉത്സവാന്തരീക്ഷത്തിലേക്ക് ഉയർത്തിയ റോഡ്ഷോയോടെയാണ് സത്യന്‍ മൊകേരിയുടെ പ്രചരണത്തിന് തുടക്കമായത്. മണ്ഡലം അതിര്‍ത്തിയായ ലക്കിടിയിൽ അദ്ദേഹത്തെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഹാരമണിയിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സിപിഐ(എം) ജില്ലാ സെക്രട്ടറി പി ഗഗാറിൻ, പി സന്തോഷ് കുമാർ എംപി, സി എം ശിവരാമൻ, കെ ജെ ദേവസ്യ, വി പി വർക്കി, പി കെ ബാബു, സണ്ണി മാത്യു, എ പി അഹമ്മദ്, പി കെ മൂർത്തി എന്നിവരും സ്വീകരിക്കാനെത്തി. 

ലക്കിടിയിൽ നിന്നും തുറന്നവാഹനത്തിൽ വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെയാണ് കല്പറ്റയിലേയ്ക്ക് ആനയിച്ചത്. നൂറുകണക്കിനുപേർ അണിനിരന്ന പ്രകടനം ജില്ലാ കേന്ദ്രത്തെ ഇളക്കിമറിച്ചു. ഇടതുപക്ഷത്തിന്റെ പ്രതിനിധി ലോക്‌സഭയിൽ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം. ആദ്യദിനത്തിൽ തീർത്ത മുന്നേറ്റത്തിന്റെ കരുത്തിലാകും വരുംദിവസത്തെ പ്രചാരണങ്ങൾ.
ഇന്നലെ രാവിലെ കോഴിക്കോട് സിപിഐ, സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫിസുകള്‍ സന്ദര്‍ശിച്ച സത്യന്‍ മൊകേരി ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറുമായി കൂടിക്കാഴ്ച നടത്തി. കല്പറ്റയിൽ 24ന് ചേരുന്ന ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനു ശേഷം നിയമസഭാ മണ്ഡലം കൺവെൻഷനുകളിലേക്ക് കടക്കും. ഇന്ന് നിലമ്പൂരിലാണ് സ്ഥാനാർത്ഥി പര്യടനം.
ചേലക്കരയില്‍ യു ആർ പ്രദീപിന്റെ പര്യടനം വലിയ ആവേശത്തോടെയാണ് ആരംഭിച്ചത്. ആദ്യദിനം തന്നെ റവന്യു മന്ത്രി കെ രാജന്‍ സ്ഥാനാർത്ഥിക്കൊപ്പം പ്രചരണത്തിന് ഇറങ്ങി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു പര്യടനം. എൽഡിഎഫ്‌ സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞാണ് യു ആർ പ്രദീപ് വോട്ടർമാരെ സമീപിക്കുന്നത്. 

രാവിലെ ഏഴിന് പല്ലൂരില്‍ നിന്ന് നിരവധി സ്ത്രീകളുടെ അനുഗ്രഹത്തോടെയാണ് പര്യടനം ആരംഭിച്ചത്. ചേലക്കരയുടെ മുന്‍ സാരഥി കെ രാധാകൃഷ്ണന്‍ എംപി പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ചെറുകാട്, വറവട്ടൂര്‍, കൊണ്ടയൂര്‍, കളവര്‍ക്കോട്, ദേശമംഗലം, എംഐസി, ഈറോല്‍, മുരുക്കുംകുഴി, നമ്പ്രം, തുടങ്ങിയ ഇടങ്ങളിലെ പര്യടനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് കടുകശേരിയില്‍ അവസാനിച്ചു.
വൈകിട്ട് നാലോടെ പാലക്കാട് വിക്ടോറിയ കോളജ് പരിസരത്ത് നിന്നും കോട്ടമൈതാനം അഞ്ചുവിളക്ക് പരിസരം വരെ പാലക്കാട് നഗരത്തെ ഇളക്കിമറിച്ചുകൊണ്ടുള്ള റോഡ് ഷോയുമായാണ് പി സരിന്റെ പ്രചരണത്തുടക്കം. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. രാവിലെ മുതല്‍ പ്രമുഖ വ്യക്തികളെയും സന്ദര്‍ശിച്ചു. ബിഷപ്പ് ഹൗസിൽ മാർ പീറ്റർ കൊച്ചുപുരക്കലിനെ കണ്ടാണ് തുടങ്ങിയത്.
ബിഷപ്പ് എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.
സാഹിത്യകാരന്‍ മുണ്ടൂർ സേതുമാധവനെയും കവി ഒളപ്പമണ്ണയുടെ ജൈനിമേട്ടിലെ വീട്ടില്‍ പത്നി ശ്രീദേവി അന്തർജനത്തെയും മകൻ ഹരി ഒളപ്പമണ്ണയെയും നേരിൽ കണ്ടു. സിപിഐ, എൻസിപി ഓഫിസുകൾ സന്ദർശിച്ച് പന്ന്യൻ രവീന്ദ്രൻ ഉള്‍പ്പെടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ഡീല്‍ രാഷ്ട്രീയം എല്‍ഡിഎഫിനില്ല: ബിനോയ് വിശ്വം

തിരുവനന്തപുരം: ഡീല്‍ രാഷ്ട്രീയം എല്‍ഡിഎഫിന്റെതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പി സരിന്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാണ്. സിപിഐ(എം) ചിഹ്നത്തില്‍ മത്സരിക്കാത്തത് ബിജെപിയുമായുള്ള ഡീല്‍ ആണെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ല.
പി പി ദിവ്യയ്ക്കെതിരെ നടപടിയെടുക്കാനുള്ള അവകാശം സിപിഐഎമ്മിനാണ്. അക്കാര്യത്തില്‍ സിപിഐ അഭിപ്രായം പറയേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Exit mobile version