രാജ്യത്ത് ആദ്യമായി വയോജനകമ്മിഷന്‍ യാഥാര്‍ത്ഥ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനും അവരുടെ കഴിവുകളും പരിചയസമ്പത്തും പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നതിനും അവകാശസംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി കേരളം രൂപീകരിച്ച വയോജന കമ്മിഷന്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
പ്രായമായവരുടെ (60 വയസിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാന്‍ കമ്മിഷൻ രൂപീകരിക്കാൻ സംസ്ഥാന വയോജന കമ്മിഷൻ ബിൽ നിയമസഭ പാസാക്കിയിരുന്നു. കമ്മിഷൻ ആക്ടിലെ (2025) മൂന്നാം വകുപ്പ് ഒന്നാം ഉപവകുപ്പു പ്രകാരമാണ് ഒരു ചെയർപേഴ്‌സണെയും നാല് അംഗങ്ങളെയും നിയമിച്ചുകൊണ്ട് സർക്കാർ തീരുമാനമെടുത്തിരിക്കുന്നതെന്ന് സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മുതിർന്ന പൗരന്മാരുടെ സങ്കടങ്ങൾ ലഘൂകരിക്കാൻ സർക്കാരും സംവിധാനങ്ങളും ഫലപ്രദമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ ജനസംഖ്യാ വളർച്ചാനിരക്ക് കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 2026 ആവുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരായിരിക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്ത്, വാർധക്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിലെ ചില മുൻവിധികൾ കൂടി സൂക്ഷ്മമായി പരിശോധിക്കുകയും മറികടക്കാൻ ശ്രമിക്കുകയും ചെയ്യാൻ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചതിന്റെ പ്രധാന ഫലങ്ങളിൽ ഒന്നായാണ് വയോജന കമ്മിഷൻ നിയമം കൊണ്ടുവന്നതും ഇങ്ങനെയൊരു കമ്മീഷന്റെ രൂപീകരണത്തിലേക്ക് വഴിതുറന്നതെന്നും മന്ത്രി ആര്‍ ബിന്ദു ചൂണ്ടിക്കാണിച്ചു.
മുൻ രാജ്യസഭാംഗവും സാമൂഹ്യ പ്രവർത്തകനുമായ കെ സോമപ്രസാദ് ആണ് കമ്മിഷന്റെ ചെയർപേഴ്‌സണായി പ്രവർത്തിക്കുക. ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിങ് പ്രസിഡന്റുമായ കെ എൻ കെ നമ്പൂതിരി (കെ എൻ കൃഷ്ണൻ നമ്പൂതിരി), സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണന്‍, വനിതാ കമ്മിഷൻ അംഗമെന്ന നിലയിലും സാമൂഹ്യപ്രവർത്തകയെന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകൾക്കുടമയായ ഇ എം രാധ, മുൻ കോളജ് അധ്യാപകന്‍, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് — എംജി സർവലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങി നിരവധി നിലകളിൽ മികച്ച പൊതുപ്രവർത്തന പാരമ്പര്യമുള്ള പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് അംഗങ്ങള്‍.
തിരുവനന്തപുരമാണ് കമ്മിഷന്റെ ആസ്ഥാനം. ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവര്‍ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്നു വർഷം വരെ ആയിരിക്കും. ചെയര്‍പേഴ്സണ് ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുണ്ടാകും.
വയോജനകമ്മിഷന്‍ യാഥാര്‍ത്ഥ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍

