Site iconSite icon Janayugom Online

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം. 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 24 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. ഒമ്പത് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.
യുഡിഎഫ് പന്ത്രണ്ടും ബിജെപി ആറും സീറ്റുകളില്‍ വിജയിച്ചു.

20 സീറ്റ് ഉണ്ടായിരുന്ന എൽഡിഎഫ് 24 ലേക്ക് ഉയർന്നു. 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് നാല് വാർഡുകള്‍ നഷ്ടമായി. ബിജെപി ആറ് സീറ്റുകള്‍ എന്ന സ്ഥിതി നിലനിര്‍ത്തി.

ഏഴ് സീറ്റുകള്‍ യുഡിഎഫില്‍ നിന്നും രണ്ടെണ്ണം ബിജെപിയിൽ നിന്നും എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫ് സീറ്റുകളായിരുന്ന കൊല്ലം പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ, ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം, ഇടുക്കി ഉടുമ്പന്നൂർ പഞ്ചായത്തിലെ വെള്ളന്താനം, തൃശൂര്‍ ജില്ലയിലെ തുക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട് എന്നിവയില്‍ സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, പാലക്കാട് പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂര്‍ വാര്‍ഡ് എന്നിവ ബിജെപിയില്‍ നിന്നും കുന്നത്ത് നാട് പഞ്ചായത്തിലെ വെമ്പിള്ളി കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ(എം) സ്ഥാനാര്‍ത്ഥികളാണ് ഈ മൂന്ന് സീറ്റിലും വിജയിച്ചത്.

യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന പത്തനംതിട്ട റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു. മൂന്ന് എൽഡിഎഫ് വാർഡുകളിൽ യുഡിഎഫും, രണ്ടിടത്ത് ബിജെപിയും ജയിച്ചു. എല്‍ഡിഎഫില്‍ സിപിഐ(എം) 16, സിപിഐ ഏഴ് വീതം സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് (ഐ) 11 സീറ്റുകളും മുസ്‌ലിം ലീഗ് ഒരു സീറ്റും നേടി.

Eng­lish summary;The LDF won in the local body elections

You may also like this video;

Exit mobile version