Site iconSite icon Janayugom Online

കോടിയേരിയുടെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തീരാനഷ്ടം: ബിനോയ് വിശ്വം എംപി

വിദ്യാർത്ഥി പ്രസ്ഥാനകാലം മുതൽ ആരംഭിച്ച ഹൃദയബന്ധത്തിന്റെ കണ്ണിയാണ് അറ്റുപോയതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. വിങ്ങുന്ന മനസ്സോടെ മാത്രമേ കോടിയേരി ബാലകൃഷ്ണനോട് വിട പറയാനാവൂ. എഐഎസ്എഫിലും എസ്എഫ്ഐയിലും നിന്നുകൊണ്ട് ഞങ്ങൾ കലഹിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നും ബാക്കിനിന്നത് പരസ്പരസ്നേഹവും ബഹുമാനവും മാത്രമാണ്. എൽഡിഎഫിലും മന്ത്രിസഭയിലും സഹപ്രവർത്തകരായിരുന്നപ്പോൾ സഖാവിന്റെ അനിതരസാധാരണമായ രാഷ്ട്രീയദൂര കാഴ്ച്ചയും പ്രായോഗിക ബുദ്ധിയും എത്രയോ തവണ കണ്ടറിഞ്ഞിരിക്കുന്നു. പ്രശ്നപരിഹാരത്തിന്റെ ശൈലിയും ഭാഷയും ആ നേതാവിന് വശമായിരുന്നു. ബാലകൃഷ്ണൻ എന്നല്ലാതെ കോടിയേരിയെന്ന് ഞാൻ വിളിച്ചിട്ടില്ല. വ്യക്തിപരമായ സന്തോഷങ്ങളും സങ്കടങ്ങളും പങ്കിട്ട അനുഭവങ്ങളും ഓർത്ത് പോകുന്നു. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തീരാനഷ്ടമാണെന്നും ബിനോയ് വിശ്വം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കോടിയേരി ഏറ്റവും പ്രിയപ്പെട്ട സഖാവ്: മുഖ്യമന്ത്രി

തിരുവനന്തപുരം: ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിദ്യാർത്ഥി നേതാവ്, നിയമസഭാ സാമാജികൻ, സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി, പാർട്ടിയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ സഖാവ് തന്റേതായ മുദ്ര പതിപ്പിച്ചു. മതനിരപേക്ഷതയിൽ അടിയുറച്ചു വിശ്വസിച്ച സഖാവ് തലശ്ശേരി കലാപകാലത്ത് ഹിന്ദു വർഗീയ ശക്തികളെ ചെറുക്കുന്നതിന് മുന്നിൽ നിന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ പാർട്ടിയുടെ ചുമതലകൾ ഏറ്റെടുത്തു നിർവഹിക്കാൻ ആരംഭിച്ച അദ്ദേഹം പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം കേരളം രാഷ്ട്രീയത്തിന് സംഭാവന ചെയ്ത കരുത്തുറ്റ നേതാവാണ്.

കോടിയേരി സെക്രട്ടറി ആയിരുന്ന കാലം പാർട്ടി വലിയ വെല്ലുവിളികൾ നേരിട്ട സമയമാണ്. ഈ വെല്ലുവിളികളെ നേരിട്ട് സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും വളർത്തുന്നതിലും അതിനിർണായക പങ്കുവഹിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നിയമസഭാ സാമാജികനെന്ന നിലയിൽ ഉജ്ജ്വലമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചത്. അടിസ്ഥാന വർഗത്തിന്റെ ശബ്ദം നിയമസഭക്കകത്തുയർത്തുന്നതിൽ അദ്ദേഹം കണിശത കാണിച്ചിട്ടുണ്ട്. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിന്റെ ആഭ്യന്തര- ടൂറിസം മന്ത്രിയെന്ന നിലയിൽ നിസ്തുലമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. പൊലീസ് സേനയെ ആധുനികവൽക്കരിക്കുന്നതിലും ജനകീയവൽക്കരിക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടൽ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുപ്രവര്‍ത്തനരംഗത്തെ സൗമ്യമുഖം: പന്ന്യന്‍

തിരുവനന്തപുരം: പൊതുപ്രവര്‍ത്തനരംഗത്തെ സൗമ്യമുഖമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അനുസ്മരിച്ചു. 40 വര്‍ഷക്കാലത്തെ അടുത്ത ബന്ധമാണ് കോടിയേരിയുമായി ഉണ്ടായിരുന്നത്. ഏതൊരാള്‍ക്കും നേരില്‍ സമീപിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണെന്ന് പന്ന്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു അനുശോചിച്ചു.

ഇടതുപക്ഷ പ്രസ്ഥാനത്തെ മുന്നോട്ടുനയിച്ച പോരാളി: കാനം

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവനയാണ് കോടിയേരി ബാലകൃഷ്ണനെന്ന പോരാളിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗത്വം വരെയുള്ള ഉയര്‍ന്ന ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിക്കുന്നതില്‍ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത്.

രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിനാകെ കോടിയേരിയുടെ നിര്യാണം വന്‍ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. നാലുപതിറ്റാണ്ടിലേറെക്കാലം നീണ്ട വ്യക്തിപരമായ ബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി ഉള്ളത്. നിയമസഭാ പ്രവര്‍ത്തനത്തിനിടയില്‍ ബന്ധം കൂടുതല്‍ ദൃഢമാകുകയും സൗഹൃദം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്തു. കോടിയേരിയുടെ നിര്യാണത്തില്‍ കുടുംബത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വ്യക്തിപരമായും പങ്കുചേരുന്നുവെന്നും കാനം അനുശോചന സന്ദേശതതില്‍ പറഞ്ഞു.

കൊടിയേരി ബാലകൃഷ്ണന്റെ വിയോഗം രാഷ്ട്രീയ കേരളത്തിൻ്റെ തീരാനഷ്ടമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

ഏതു പ്രതിസന്ധിയിലും മുന്നണിയുടെ കെട്ടുറപ്പിനെ താങ്ങിനിർത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അവസാനശ്വാസം വരെ അടിമുടി കമ്മ്യൂണിസ്റ്റായ മാർഗദർശി. രാഷ്ട്രീയ കേരളത്തിലെ ആ ചിരി ഇനിയില്ല. പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ.

Eng­lish sum­ma­ry; The lead­ers con­doled the demise of Kodiyeri

you may also like this video:

Exit mobile version