Site iconSite icon Janayugom Online

നേതാക്കള്‍ പാലം വലിച്ചു; പരാജയ ഭീതിയില്‍ കെ മുരളീധരന്‍

ഗ്രൂപ്പ് ഭേദമന്യേ നേതാക്കള്‍ പാലം വലിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പരാജയ ഭീതിയില്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി അവലോകന യോഗത്തില്‍ കെ മുരളീധരന്‍ ശക്തമായ ഭാഷയിലാണ് വിമര്‍ശനമുന്നയിച്ചത്. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ കെ മുരളീധരനെ സഹായിക്കാതിരുന്ന നേതാക്കള്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയാണ് നില കൊണ്ടതെന്ന ആരോപണവും ശക്തമാണ്.

ലോക്‌സഭാ തെരഞ്ഞെപ്പില്‍ തൃശൂരില്‍ വീണ്ടും മത്സരിക്കാമെന്ന മോഹവുമായി രംഗത്തിറങ്ങിയ ടി എന്‍ പ്രതാപനെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് വെട്ടിയത്. സിറ്റിങ് എംപിമാരെല്ലാം മത്സരിക്കണമെന്ന കെപിസിസി നിര്‍ദേശത്തെ തുടര്‍ന്ന് ടി എന്‍ പ്രതാപന്‍ ലക്ഷക്കണക്കിന് പോസ്റ്ററുകളും നിരവധി ചുമരുകളും എഴുതിയിരുന്നു. കെ സി വേണുഗോപാലിന് ആലപ്പുഴയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ടിയാണ് വടകരയില്‍ നിന്നും കെ മുരളീധരനെ മാറ്റി ഷാഫി പറമ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഈ സീറ്റു മാറ്റത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കെ മുരളീധരനും ടി എന്‍ പ്രതാപനും കടുത്ത അമര്‍ഷമുണ്ടായിരുന്നു.

ഹൈക്കമാന്റിന്റെ തീരുമാനം വന്നതിനുശേഷം ഒരുദിവസം മുഴുവന്‍ വീടിനു പുറത്തിറങ്ങാതെ മുരളീധരന്‍ പ്രതിഷേധം നേതൃത്വത്തെ അറിച്ചിരുന്നു. ഹൈക്കമാന്റിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് പിന്നീട് കെ മുരളീധരന്‍ പ്രചരണത്തില്‍ സജീവമായത്. കോണ്‍ഗ്രസിലെ പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി രണ്ടാം ടേമീല്‍ സീറ്റ് നിഷേധിക്കപ്പെട്ട ടി എന്‍ പ്രതാപനും കടുത്ത അമര്‍ഷത്തിലായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപാല്‍ പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ കെ മുരളീധരന്റെ ഇടതും വലതും നില്‍ക്കുന്ന ടി എന്‍ പ്രതാപനും എംപി വിന്‍സെന്റും അദ്ദേഹത്തെ ചതിക്കുമെന്ന് താക്കീത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തിലെ മുരളീധരന്റെ വിവാദ പരാമര്‍ശത്തിനു പിന്നാലെ തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് പത്മജയും നടത്തിയത്. തൃശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുന്നവരാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. ടി എൻ പ്രതാപൻ എം പി വിൻസന്റ് എന്നിവരുടെ പേര് പറഞ്ഞാണ് വിമർശനം.

Eng­lish Sum­ma­ry: The lead­ers pulled the bridge; K Muralid­ha­ran in fear of failure

You may also like this video

Exit mobile version