Site iconSite icon Janayugom Online

കൊളത്തൂരില്‍ ഭീതി പരത്തിയ പുലി വനംവകുപ്പിന്റെ കൂട്ടില്‍

ബേഡകം കൊളത്തൂരില്‍ ഏറെ നാളായി ഭീതി പരത്തിയ പുലി വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. ഇന്നലെ രാത്രി 9.30ഓടെ നിടുവോട്ടെ ആലവുങ്ങല്‍ ജനാര്‍ദ്ദനന്റെ പറമ്പില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശത്ത് പലതവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ രണ്ടാഴ്ച മുമ്പാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലിയെ ആകര്‍ഷിക്കാനായി ഇതിനകത്ത് പട്ടിയെ കെട്ടിയിട്ടിട്ടുണ്ടായിരുന്നു. വിവരമറിഞ്ഞ് കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സി വി
വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. പുലി കുടുങ്ങിയ വിവരമറിഞ്ഞ് ആയിരക്കണക്കിന് ആള്‍ക്കാരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.

ആളുകള്‍ തടിച്ച് കൂടിയതോടെ കൂട്ടിനുള്ളില്‍ പുലി അക്രമസ്വഭാവം കാട്ടി. ജില്ലയില്‍ ഇന്നലെ മുഖ്യമന്ത്രിയുണ്ടായിരുന്നതിനാല്‍ ബേഡകം സ്‌റ്റേഷനില്‍ പൊലീസുകാര്‍ കുറവായിരുന്നു. അതിനാല്‍തന്നെ ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഏറെ പാടുപെട്ടു. പുലിക്ക് ആരോഗ്യപ്രശ്‌നമൊന്നുമില്ലെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം മാത്രമേ പുലിയെ ഇവിടെ നിന്നും മാറ്റുകയുള്ളുവെന്നാണ് വനംവകുപ്പ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പ്രദേശത്തെ ജനങ്ങളെ നിയന്ത്രിക്കാന്‍ പറ്റാത്ത സ്ഥിതിവന്നതോടെ പുലിയെ ഇവിടെ നിന്നും മാറ്റുകയായിരുന്നു.

പുലിയ ഉള്‍വനത്തില്‍ കൊണ്ടുപോയി വിടുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. ബേഡകം, കാറഡുക്ക, മുളിയാർ, ദേലംപാടി, കോടോം-ബേളൂർ പഞ്ചായത്തുകളിൽ ഏറെ നാളായി പുലി ഭീഷണി പരത്തുകയാണ്. കർണാടക വനമേഖലയിൽ നിന്നാണ് ഇവ വരുന്നത്. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇതാദ്യമായാണ് പുലി കുടുങ്ങുന്നത്. ഫെബ്രുവരി അഞ്ചിന് കൊളത്തൂര്‍ മടന്തക്കോട്ട് തുരങ്കത്തില്‍ കുടുങ്ങിയ നിലയില്‍ പുലിയെ കണ്ടെത്തിയിരുന്നു. എന്നാല്‍ മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ അന്നു പുലി രക്ഷപ്പെടുകയായിരുന്നു.

Exit mobile version