Site iconSite icon Janayugom Online

‘ആകാശമായവളേ’ വൈറലാക്കിയ കൊച്ചുഗായകൻ സിനിമയിലേക്ക്

milanmilan

സമൂഹ മാധ്യമങ്ങളിൽ വൈറലായ ആകാശമായവളേ.. പാടിയ തൃശൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിലൻ ഇനി സിനിമയിൽ പാടും. സംവിധായകൻ പ്രജീഷ് സെൻ ആണ് മിലന് സിനിമയിൽ പാടാൻ അവസരമൊരുക്കിയത്. പ്രജേഷിന്റെ ചിത്രത്തിലെ ‘ആകാശമായവളേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച മിലന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
പ്രജീഷിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായി 2021ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘വെള്ളം’. മിലന്റെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തിൽ മിലന് പാടാൻ അവസരം നൽകും എന്നും അറിയിക്കുകയാണ് സംവിധായകൻ. ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്, ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നത് സന്തോഷമാണ്. എന്നാൽ മിലന്റെ ശബ്ദം കണ്ണ് നനയിച്ചുവെന്നും പ്രജേഷ് പറയുന്നു.
മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാം ക്ലാസിൽ സാമൂഹ്യപാഠം പീരിയഡിന്റെ അവസാന മിനിറ്റുകളിലാണ് കുട്ടികളുടെ വിരസത അകറ്റാൻ ആരെങ്കിലും ഒരു പാട്ടു പാടൂ എന്ന് അധ്യാപകൻ പ്രവീൺ കുമാർ ആവശ്യപ്പെട്ടത്. അധ്യാപകന്റെ ആഗ്രഹത്തിന് വഴങ്ങി സഹപാഠികൾക്കു മുന്നിൽ മിലൻ പാടിയ പാട്ട് ഇത്രയേറെ വൈറലാകുമെന്ന് ആരും കരുതിയില്ല.
അധ്യാപകൻ പ്രവീൺ എം കുമാറാണ് മിലന്റെ പാട്ട് സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഇത്ര മനോഹരമായി മിലനു പാടാൻ കഴിയുമെന്ന് കൂട്ടുകാർ പോലും അറിയുന്നത് അപ്പോഴായിരുന്നു. സമൂഹ മാധ്യമത്തിലൂടെ മിലന്റെ പാട്ട് കേട്ട ഗായകൻ ഷഹബാസ് അമനും സംഗീത സംവിധായകൻ ബിജിബാലും മന്ത്രി വി ശിവൻകുട്ടിയും എംഎൽഎമാരും അടക്കമുള്ള പ്രമുഖർ മിലനെ അഭിനന്ദിച്ചു. രണ്ടുദിവസത്തിനകം രണ്ട് ലക്ഷത്തിലേറെ പേരാണ് സമൂഹമാധ്യമത്തിലൂടെ മിലന്റെ പാട്ട് കേട്ടത്. ചിത്രകാരനും പെയിന്റിംഗ് തൊഴിലാളിയുമായ സുകുമാരന്റെയും കുടുംബശ്രീ പ്രവർത്തക പ്രസന്നയുടെയും മകനാണ് മിലൻ.

Eng­lish Sum­ma­ry: The lit­tle singer who made ‘Aka­mayayavale’ viral goes to the movies

You may like this video also

Exit mobile version