Site icon Janayugom Online

കാത്തിരുന്ന് മടുത്തപ്പോള്‍ കാത്തിരിപ്പ് കേന്ദ്രം നാട്ടുകാര്‍ തന്നെ പണിതു…

നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ തകര്‍ന്ന് കിടന്ന വെയിറ്റിംഗ് ഷെഡിന് പുനര്‍ജന്മം. കല്ലാർ കെഎസ്ഇബി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡാണ് പുനർനിർമ്മിച്ചത്. 25 വർഷം മുമ്പാണ് പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട കെഎസ്ഇബി ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചത്. പ്രദേശവാസികൾക്കും യാത്രക്കാർക്കും ഏറെ പ്രയോജനപ്രദമായിരുന്ന വെയിറ്റിംഗ് ഷെഡ് കാലക്രമേണ നശിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ഇവിടെ ഏതാനും വർഷങ്ങൾ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഇതോടെ ഷീറ്റുകൾ ദ്രവിക്കുകയും തൂണുകൾ തുരുമ്പിച്ച് ശോച്യാവസ്ഥയിലാകുകയും ചെയ്തു. 

തുടർന്ന് നാട്ടുകാർ തന്നെ മുൻകൈയ്യെടുത്ത് ഷീറ്റുകൾ മാറിയെങ്കിലും ആറ് വർഷം മുമ്പുണ്ടായ കാറ്റിൽ ഷീറ്റുകൾ പൂർണമായും നിലംപൊത്തി. വെയിറ്റിംഗ് ഷെഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ യുഡിഎഫ് ഭരണസമിതിയെ നാട്ടുകാർ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. 

കാത്തിരിപ്പ് നീണ്ടതോടെ പ്രദേശവാസികളുടെയും ചേമ്പളം ദൃശ്യാ എസ്എച്ച്ജിയും ചേര്‍ന്ന് 36,000 രൂപയോളം സമാഹരിച്ചാണ് വെയിറ്റിംഗ് ഷെഡ് പുനർ നിർമ്മിച്ചത്. വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം പ്രദേശവാസിയും ഇടുക്കി ഹെഡ് ക്വാർട്ടേഴ്സ് എഎസ്ഐയുമായ അബ്ദുൾ റസാഖ് നിർവ്വഹിച്ചു. യോഗത്തിൽ സംഘം പ്രസിഡന്റ് പി ജെ ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജി ജോസഫ്, നൂഹുദ്ദീൻ, ബൈജു ജോസഫ്, സജി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. 

You may also like this video

Exit mobile version