സനാതനധര്‍മ്മ പരാമര്‍ശം നടത്തിയ ഡിഎംകെ നേതാവും , തമിഴ് നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഉദയനനിധിയ്ക്കും മറ്റ് രണ്ട് ഡിഎംകെ ജനപ്രതിനിധികള്‍ക്കും എതിരെയായിരുന്നു ഹര്‍ജി.
ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശം തെറ്റാണെങ്കിലും അദ്ദേഹത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാദ പരാമര്‍ശം നടത്തിയത്. സനാതനധര്‍മം മലേറിയയും ഡെങ്കിയും പോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമര്‍ശം. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഉദയനിധി വിവാദ പരാമര്‍ശം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്ന സംസ്ഥാന മന്ത്രി പി.കെ. ശേഖര്‍, പരാമര്‍ശത്തെ പിന്താങ്ങിയ ഡിഎംകെ എംപി എ. രാജ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി. അതേസമയം സനാതനധര്‍മത്തെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ ഉദയനിധി സ്റ്റാലിന്‍ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. ഉദയനിധി സാധാരണപൗരനല്ല, മന്ത്രിയാണെന്നും ഒരു പ്രസ്താവനയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ആറ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ ഒന്നായി പരിഗണിക്കണമെന്ന ഉദയനിധിയുടെ ആവശ്യം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചത്. തമിഴ്നാടിന് പുറമെ ഉത്തര്‍പ്രദേശ്, കശ്മീര്‍, മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടകം എന്നിവിടങ്ങളിലും ഉദയനിധിയുടെപേരില്‍ കേസുണ്ട്.
അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തിട്ട് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം സ്ഥാപിക്കാനാണ് ഉദയനിധി ശ്രമിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. എന്നാല്‍, ഒരേ കേസില്‍ ആറ് സംസ്ഥാനങ്ങളിലെ കോടതിയില്‍ പോകേണ്ടിവരുന്നത് വിചാരണയില്ലാതെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നാണ് ഉദയനിധിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് സിംഘ്‍വി പറഞ്ഞത്. ഉദയനിധിയുടെ പരാമര്‍ശത്തെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
The Madras High Court dismissed the petition challenging the continuation of Udayanidhi Stalin as a member of the Legislative Assembly
You may also like this video: