Site iconSite icon Janayugom Online

ഗവർണർക്ക് നോട്ടീസ് നൽകുന്നത് പരിശോധിക്കും: മദ്രാസ് ഹൈക്കോടതി

ഇരട്ടവേതനം കൈപ്പറ്റിയെന്ന ആരോപണത്തില്‍ തമിഴ്‌നാട് ഗവർണർ ആർ എൻ രവിക്ക് നോട്ടീസ് നൽകുന്നത് പരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. അതേസമയം ഭരണഘടനയുടെ ആർട്ടിക്കിൾ 361ൽ ഇന്ത്യൻ പ്രസിഡന്റും സംസ്ഥാനഗവർണർമാരും “അവരുടെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കുന്ന ഏതൊരു പ്രവൃത്തിക്കും” ഒരു കോടതിയോടും ഉത്തരം പറയേണ്ടതില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ടി രാജ, ജസ്റ്റിസ് ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഓറോവിൽ ഫൗണ്ടേഷന്റെ ഗവേണിങ് ബോർഡ് ചെയർപേഴ്‌സണായതിനാൽ ഇരട്ടവേതനം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹർജിയില്‍ ഉത്തരവ് പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ, ഓറോവിൽ ഫൗണ്ടേഷന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് രവി ചെയർപേഴ്‌സണായ ഒമ്പതംഗ ബോർഡിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഓറോവിൽ ഫൗണ്ടേഷന്റെ ഭരണച്ചുമതല വിദ്യാഭ്യാസ മന്ത്രാലയത്തിനാണ്. 

ഗവർണർ ആർ എൻ രവി ഈ സ്ഥാനത്ത് നിന്ന് ശമ്പളവും പ്രൊവിഡന്റ് ഫണ്ട് പോലുള്ള മറ്റ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായും തന്തൈ പെരിയാർ ദ്രാവിഡർ കഴകം എന്ന സാമൂഹിക‑രാഷ്ട്രീയ ഗ്രൂപ്പിന്റെ ജില്ലാ തലവൻ എം കണ്ണദാസൻ തന്റെ ഹര്‍ജിയില്‍ പറയുന്നു. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 158 (2) ലംഘിക്കുന്നതായും ഹര്‍ജിയില്‍ പറഞ്ഞു. 

Eng­lish Summary:The Madras High Court will exam­ine the issue of notice to the Governor
You may also like this video

Exit mobile version