ലൈംഗികമായി പീഡിപ്പിക്കണമെന്നും മാനഹാനിയുണ്ടാക്കണമെന്നും കരുതി വീട്ടിൽ അതിക്രമിച്ചകടന്ന് യുവതിയെ കയറിപ്പിടിച്ചയാളെ പന്തളംപൊലീസ് അറസ്റ്റ് ചെയ്തു. പന്തളം പൂഴിക്കാട് കുടശനാട് കോട്ടാൽ വീട്ടിൽ ശ്രീജിത്ത് കുമാർ (40) ആണ് പിടിയിലായത്. ചൊവ്വാഴ്ച സന്ധ്യക്ക് എട്ടോടെ കിടപ്പുമുറിയിൽ അതിക്രമിച്ചുകടന്ന പ്രതി യുവതിയെപിന്നിൽനിന്നും വട്ടം പിടിച്ച് ലൈംഗിക പീഡനത്തിന് ശ്രമിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ചപ്പോൾ കയ്യിൽ മുറുകെ പിടിച്ച് വേദനിപ്പിക്കുകയും, വെട്ടുകത്തി എടുത്ത് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
രാത്രി 9.30 ന് പന്തളം സ്റ്റേഷനിലെത്തി വിവരം പറഞ്ഞ യുവതിയുടെ മൊഴി എസ് സി പി ഓ ജലജ രേഖപ്പെടുത്തി. തുടർന്ന് എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ മേൽനോട്ടത്തിലും എസ് ഐയുടെ നേതൃത്വത്തിലും പ്രതിയെ വീടിനു സമീപത്തുനിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ നിരീക്ഷണത്തിൽ വച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.

