Site iconSite icon Janayugom Online

വിൽപനയ്ക്കെത്തിച്ച കഞ്ചാവുമായി ആവശ്യക്കാരെ കാത്തുനിന്നയാള്‍ പിടിയില്‍

വിൽപനയ്ക്കെത്തിച്ച കഞ്ചാവുമായി ആവശ്യക്കാരെ കാത്തുനിന്നയാള്‍ പിടിയില്‍. കോഴിക്കോട് സ്വദേശിയെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കുന്നമംഗലം താലൂക്കിൽ കൊടിയത്തൂർ സ്വദേശിയായ നോണ്ടത്ത് ചാത്തപ്പറമ്പിൽ അംജത് ഖാൻ (30) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്ത് ആവശ്യക്കാരെ കാത്തു നില്‍ക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ബാഗിൽ സൂക്ഷിച്ചിരുന്ന 1116 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആവശ്യക്കാർക്ക് ചില്ലറയായി വിൽപ്പന നടത്താൻ എത്തിച്ച കഞ്ചാവാണിതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇയാൾ സഞ്ചരിച്ചുകൊണ്ടിരുന്ന കൊടുവള്ളി രജിസ്ട്രേഷനിലുള്ള മോട്ടോർസൈക്കിളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

നൈറ്റ് പെട്രോളിംഗിനിറങ്ങിനെത്തിയ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ സംശയം തോന്നി പരിശോധിച്ചത്. ചെങ്ങന്നൂർ പ്രദേശത്ത് കഞ്ചാവ് വിൽപനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പ്രതി കഴിഞ്ഞ രണ്ടാഴ്ചയായി തിരുവൻവണ്ടൂർ ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നുവെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്ഐ പ്രദീപ്, എഎസ്ഐ ഹരി കുമാർ, സീനിയർ സിപിഒ മാരായ മിഥിലാജ്, ശരത്, അഭിലാഷ്, സിപിഒ മാരായ രാജേഷ്, അനസ്, അജീഷ് കരീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Exit mobile version