ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില്പനനികുതി നാല് ശതമാനം വർധിപ്പിക്കുന്നതുമൂലം മദ്യവിലയിൽ പരമാവധി 20 രൂപയുടെ വരെ വർധനയെ ഉണ്ടാകൂ എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കൂടുതൽ ബ്രാന്റുകൾക്കും 10 രൂപയാവും കൂടുക. ചുരുക്കം ഇനങ്ങൾക്ക് 20 ഉം. തീരെ കുറഞ്ഞ ബ്രാന്റുകളുടെ വില കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2022‑ലെ കേരള പൊതുവില്പന നികുതി (ഭേദഗതി) ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വില്പന നികുതി നാല് ശതമാനം കൂട്ടിയെങ്കിലും ഫലത്തിൽ രണ്ട് ശതമാനത്തിന്റെ വർധനവ് മാത്രമാണ് അനുഭവപ്പെടുകയെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. സ്പിരിറ്റിന്റെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ കമ്പനികൾ മദ്യ ഉല്പാദനം നിർത്തുന്ന അവസ്ഥയെത്തി.
മദ്യത്തിന് ക്ഷാമം നേരിട്ട ചുരുക്കം ദിവസങ്ങളിൽ 80 കോടിയുടെ വരുമാന നഷ്ടമാണ് സർക്കാരിനുണ്ടായത്. മദ്യം ലഭിക്കാതെ വന്നാൽ വ്യാജമദ്യവും വാറ്റും വ്യാപിക്കും. കമ്പനികളുടെ നഷ്ടം പരിഹരിക്കാനാണ് അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയത്.
പെട്രോളിൽ ഈഥൈൽ ചേർക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിബന്ധന വന്നതോടെയാണ് സ്പിരിറ്റ് വില കുത്തനെ കൂടിയത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ മദ്യവില കൂട്ടിയിട്ടില്ല. ഇവിടെ ഉല്പാദിപ്പിച്ച് പുറത്തേക്ക് അയയ്ക്കുന്ന മദ്യത്തിന് കയറ്റുമതി നികുതി ഈടാക്കുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് ബജറ്റ് തയാറാക്കുന്ന അവസരത്തിൽ വിശദമായി പരിശോധിക്കുമെന്നും ബാലഗോപാൽ അറിയിച്ചു.
English Summary: The maximum hike in liquor price is Rs.20
You may also like this video