Site iconSite icon Janayugom Online

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നിര്‍ണായക വഴിത്തിരിവ്

2023 ജൂണ്‍ 23ന് പട്നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഏറെ പ്രതീക്ഷയാണ് രാജ്യത്തെ ജനാധിപത്യ വിശ്വാസികളില്‍ ഉളവാക്കിയത്. ഭിന്നിച്ചുനില്ക്കുന്ന പ്രതിപക്ഷ നിരയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് 37 ശതമാനം വോട്ട് ലഭിച്ച ബിജെപി അധികാരത്തില്‍ വന്നത്. തങ്ങളുടെ നവ ഫാസിസ്റ്റ് രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിനാണ് അധികാരത്തില്‍ വന്ന 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പരിപാടികള്‍ തയാറാക്കിയതും.
ബഹുസ്വരതയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സംസ്കാരത്തെയും ശക്തമായ ജനാധിപത്യ – മതനിരപേക്ഷ ബോധത്തെയും ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് മോഡി രാജ്യത്ത് നടപ്പിലാക്കുന്നത്. ഇന്ത്യയുടെ ഭരണഘടന ലോകത്തിനുതന്നെ മാതൃകയാണ്. ഇന്ത്യയെ പരമാധികാര സ്ഥിതി സമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും നീതി ഉറപ്പുവരുത്തുന്നതിനും തങ്ങളുടെ മതനിഷ്ഠ, ചിന്ത, ആശയം എന്നിവ ആവിഷ്കരിക്കുന്നതിനും വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പൂര്‍ണമായ സ്വാതന്ത്ര്യം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. രാജ്യത്ത് എല്ലാ ജനങ്ങള്‍ക്കും സ്ഥാനമാനങ്ങളിലും അവസരങ്ങളിലും സമത്വവും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. വ്യക്തിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിനും സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും വിഭാവനം ചെയ്തുകൊണ്ടുള്ളതാണ് ലോകത്തില്‍തന്നെ മാതൃകയായ ഭരണഘടന. നീണ്ടുനിന്ന നിരവധി ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഭരണഘടന രൂപപ്പെടുത്തിയത്. നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് ഭരണഘടന സമര്‍പ്പിക്കുന്നത് എന്ന ആമുഖം മാറണമെന്നും ദൈവത്തിന്റെ പേരില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഉയര്‍ന്നുവന്നു. ഭരണഘടന നിര്‍മ്മാണ സഭ ആ നിര്‍ദേശം തള്ളിക്കളഞ്ഞു.
ഭരണഘടന മാറ്റിയെഴുതാനുള്ള നീക്കങ്ങള്‍ക്കാണ് ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ നടത്തുന്നത്. മതേതരത്വം, സോഷ്യലിസം ഇവയെല്ലാം മാറ്റി എഴുതണമെന്ന് ഇതിനകം തന്നെ പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. ജുഡീഷ്യറി, എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, മാധ്യമങ്ങള്‍ ഇവ ഭരണഘടനയുടെ നാല് തൂണുകളാണ്. അവയും ദുര്‍ബലപ്പെടുത്തുകയാണ്, പാവകളാക്കി മാറ്റിയെടുക്കാനുള്ള നിരന്തരമായ ശ്രമത്തിലാണ്. അതിനെതിരെ രാജ്യത്തെ ജനാധിപത്യ – മതേതര, ദേശാഭിമാന, ഇടതുപക്ഷ ബോധമുള്ളവര്‍ രംഗത്തുവരുന്നുണ്ട്. ജനങ്ങളെ ഭിന്നിപ്പിച്ച് തങ്ങളുടെ വിജയം ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് ബിജെപി അധികാരത്തില്‍ വന്നതു മുതല്‍ നടപ്പിലാക്കുന്നത്.
അധികാരം ഉപയോഗിച്ച് എംഎല്‍എമാര്‍, എംപിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ ചാക്കിട്ടുപിടിച്ച് അധികാരം ഉറപ്പിക്കുക, പ്രതിപക്ഷ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്തുക എന്നീ നീചപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നവ ഫാസിസ്റ്റ് ശക്തികള്‍ക്ക് യാതൊരു മടിയുമില്ലെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. മഹാരാഷ്ട്രയില്‍ എന്‍സിപിയെ ഭിന്നിപ്പിക്കാന്‍ നടത്തിയ നീക്കം അതാണ് കാണിക്കുന്നത്. ശിവസേനയെ ഭിന്നിപ്പിച്ചത് ഇത്തരം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. ഇഡിയെ ഉപയോഗിച്ചും മുഖ്യമന്ത്രി പദം, കേന്ദ്രമന്ത്രി സ്ഥാനങ്ങളും അന്വേഷണ ഏജന്‍സികളുടെ വലയത്തില്‍ നിന്നും മോചിപ്പിക്കുമെന്നുമുള്ള വാഗ്ദാനം നല്കിയുമാണ് ഈ നാടകങ്ങള്‍ നടത്തുന്നത്. മധ്യപ്രദേശ്, ഗോവ, കര്‍ണാടക, രാജസ്ഥാന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഇവിടെയെല്ലാം അധികാരം ഉപയോഗപ്പെടുത്തി, ഗവണ്‍മെന്റുകളെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ രാജ്യം കണ്ടതാണ്.
അഭിപ്രായം പറയുന്നവര്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമച്ച് കല്‍ത്തുറുങ്കില്‍ അടയ്ക്കുകയാണ്. നിരവധി പത്രപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും വിവരാവകാശ പ്രവര്‍ത്തകരെയും ഇതിനകം തന്നെ ജയിലില്‍ അടച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ടീസ്താ സെതല്‍വാദിനെതിരെ നടത്തിയ നീക്കം രാജ്യം കണ്ടതാണ്. അഭിപ്രായം പറയുന്നവരെ ഭയപ്പെടുത്തുകയാണ്.
രാജ്യത്തിന്റെ മതനിരപേക്ഷ ബോധത്തെ ദുര്‍ബലപ്പെടുത്താനും ജനങ്ങളുടെ ഐക്യത്തെ ഇല്ലായ്മ ചെയ്യാനും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ഇതിനകം തന്നെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവന്നിട്ടുണ്ട്. മത, ജാതി, ഗോത്ര, ഭാഷാടിസ്ഥാനത്തില്‍ ജനങ്ങളുടെ സത്വബോധത്തെ ഊതിവീര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ രാജ്യത്ത് വളര്‍ന്നുകൊണ്ടുവരികയാണ്.
മണിപ്പൂരില്‍ തുടരുന്ന വംശീയ സംഘര്‍ഷം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സൃഷ്ടിയാണ്. വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ച് വംശീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ജാതി സ്പര്‍ധ വളര്‍ത്തി തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള പദ്ധതികള്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടപ്പിലാക്കുന്നു. മതവിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യം ഇന്ത്യയുടെ മാതൃകയാണ്. ഹിന്ദു — മുസ്ലിം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് അധികാരത്തില്‍ വന്നതുമുതല്‍ ബിജെപി നടപ്പിലാക്കിയത്. തങ്ങള്‍ വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതിക്കായി ആവശ്യമായ ബോധം ഇന്ത്യാക്കാരില്‍ രൂപപ്പെടുത്താനാണ് ഈ നീക്കങ്ങള്‍. പാഠപുസ്തകങ്ങള്‍ മാറുന്നതും ചരിത്ര — പുരാവസ്തു ഗവേഷണമേഖലകളില്‍ ഇടപെടുന്നതും ആസൂത്രിതമായ നീക്കത്തിന്റെ ഭാഗം തന്നെയാണ്. രാജ്യത്തിന്റെ സമ്പന്നമായ ബൗദ്ധിക – സാംസ്കാരിക – ഗവേഷണ മേഖലകളെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതരത്തില്‍ രൂപപ്പെടുത്തിയെടുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു.
2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരുന്നതിനായി മഹാഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ജനങ്ങളുടെ സാംസ്കാരിക ബോധമായി രൂപപ്പെട്ട ഹിന്ദു വിശ്വാസത്തെ ദുരുപയോഗപ്പെടുത്താനുള്ള നീക്കം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ട്. ഹിന്ദുമത വിശ്വാസികളെ സങ്കുചിതമായി അവതരിപ്പിക്കാനും ഹിന്ദുത്വ രാഷ്ട്ര സങ്കല്പത്തിലേക്ക് ഹിന്ദുമത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കങ്ങളാണ് അധികാരം ഉപയോഗിച്ച് നടപ്പിലാക്കുന്നത്.
പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കല്‍, രാമക്ഷേത്ര നിര്‍മ്മാണം, പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തില്‍ സ്ഥാപിച്ച ചെങ്കോല്‍ ഇതിലൂടെയെല്ലാം ഉന്നം വയ്ക്കുന്നത് തങ്ങളുടെ അജണ്ട പൂര്‍ത്തീകരിക്കുന്നതിനുതകുന്ന സങ്കുചിതമായ ഹിന്ദുത്വ ബോധം ജനങ്ങളില്‍ സൃഷ്ടിക്കുകയാണ്. പ്രധാനമന്ത്രി തന്നെ മുന്‍കൈ എടുത്ത് നടപ്പിലാക്കുന്ന ഏകീകൃത സിവില്‍കോഡിലൂടെ ഉന്നം വയ്ക്കുന്നതും ഹിന്ദുത്വ രാഷ്ട്രമായി ഇന്ത്യയെ മാറ്റുകയാണ്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് അധികാരത്തില്‍ വരാന്‍ കഴിയില്ലായെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ബോധ്യമായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വ്യക്തിത്വം മാത്രം ഉയര്‍ത്തി വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയില്ല എന്ന് ആര്‍എസ്എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ പോലും മുന്നറിയിപ്പ് നല്കി. വീണ്ടും അധികാരത്തുടര്‍ച്ച ഉണ്ടാകണമെങ്കില്‍ ഭരണനടപടികള്‍ ശക്തമായി ഉണ്ടാകണമെന്നാണ് ആര്‍എസ്എസ് മുന്നോട്ടുവച്ച് നിര്‍ദേശം.
ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കുമെന്ന് ആവര്‍ത്തിച്ചാല്‍ വോട്ട് ചെയ്യുന്നവര്‍ക്ക് വിശ്വാസം വരില്ല. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് ദുരിതം അനുഭവിച്ച ജനങ്ങളാണ് 2014ല്‍ എന്‍ഡിഎക്ക് വോട്ടു ചെയ്ത് നരേന്ദ്രമോഡിയെ അധികാരത്തില്‍ കൊണ്ടുവന്നത്. 2019ലും ജനങ്ങളെ വാഗ്ദാനങ്ങള്‍ നല്കി മയക്കി വീണ്ടും നരേന്ദ്രമോഡി അധികാരത്തില്‍ വന്നു. 2024ലെ തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവ് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ഇപ്പോള്‍ ഉണ്ട്. അതുകൊണ്ടുതന്നെ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജനങ്ങളുടെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതെ ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.
നരേന്ദ്രമോഡിയെ 2024ലെ തെരഞ്ഞെടുപ്പിലും അധികാരത്തില്‍ വാഴിക്കുക എന്നതാണ് ആഗോള ദേശീയ കോര്‍പ്പറേറ്റുകളുടെ താല്പര്യം. അഡാനിയും അംബാനിയും ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ അതിനായി രംഗത്തുണ്ട്. ലോക സമ്പദ്ഘടനയെ നിയന്ത്രിക്കുന്നതിന് ശ്രമിക്കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സമ്പന്ന മുതലാളിത്ത രാജ്യങ്ങള്‍ ഒന്നടങ്കം തങ്ങളുടെ വ്യാപാര താല്പര്യങ്ങള്‍ക്കായി വീണ്ടും നരേന്ദ്രമോഡിയെ അധികാരത്തില്‍ കൊണ്ടുവരുന്നതിനായി നീക്കങ്ങള്‍ നടത്തും. നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ത്യയിലെ ജനാധിപത്യ – മതേതര ശക്തികള്‍ ഉണരുന്നത് ഗുണകരമായ രാഷ്ട്രീയ മാനങ്ങള്‍ പകരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തെ സിപിഐ സഹര്‍ഷം സ്വാഗതം ചെയ്യുകയും സര്‍വ്വ പിന്തുണയും നല്കുകയും ചെയ്തിട്ടുണ്ട്. ഏറെ അനുഭവസമ്പത്തുള്ളതും ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുകയും ചെയ്ത സിപിഐ അതിന്റെ രാഷ്ട്രീയ കടമ നിര്‍വഹിക്കാനുള്ള എല്ലാ പരിശ്രമവും നടത്തുന്നുണ്ട്.
2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അധികാരത്തില്‍ വന്നതിന് ശേഷം പുതുച്ചേരിയില്‍ നടന്ന സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ ഭരണമാറ്റം സംബന്ധമായി സിപിഐ മുന്നറിയിപ്പ് നല്കിയിരുന്നതാണ്. കൊല്ലത്ത് നടന്ന സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നരേന്ദ്രമോഡി ഗവണ്‍മെന്റിനെതിരായി മതേതര – ജനാധിപത്യ ഇടതുപക്ഷ ശക്തികള്‍ എല്ലാം ഒരു വേദിയില്‍ അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
മതേതര – ജനാധിപത്യ – ഇടതുപക്ഷ ശക്തികളുടെ കൂട്ടായ്മ ഉണ്ടാകണമെന്ന് ആഹ്വാനത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ രാജ്യത്ത് ഉയര്‍ന്നുവന്നു. വിജയവാഡയില്‍ ചേര്‍ന്ന സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് രാജ്യത്ത് വളര്‍ന്നുവന്ന പുതിയ രാഷ്ട്രീയ സാഹചര്യം വിശദമായി പരിശോധിക്കുകയുണ്ടായി. മതേതര – ജനാധിപത്യ, ഇടതുപക്ഷ ശക്തികളെല്ലാം ഒരു വേദിയില്‍ അണിനിരക്കണമെന്നും പാര്‍ട്ടി അഭ്യര്‍ത്ഥിച്ചു. അതിനായി സിപിഐ എല്ലാ ശ്രമവും നടത്തുമെന്നും 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുകയുണ്ടായി.
ഇന്ത്യയിലെ 60 ശതമാനത്തിലധികം ജനങ്ങള്‍ എന്‍ഡിഎ ഗവണ്‍മെന്റിന് എതിരാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അതാണ് വ്യക്തമാക്കിയത്. 60 ശതമാനം ജനങ്ങളെ യോജിപ്പിക്കുന്നതിലൂടെ രാജ്യത്തെ നവ ഫാസിസ്റ്റ് ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്ര ഗവണ്‍മെന്റിനെ അധികാരത്തില്‍ നിന്നും തൂത്തെറിയാന്‍ കഴിയും. അതായിരിക്കണം രാജ്യത്തിന്റെ പ്രധാന കടമ. നാഗ്പൂരില്‍ വച്ച് വീണ്ടും ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം രാജ്യത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവായി മാറും. 

Exit mobile version