Site iconSite icon Janayugom Online

മിഗ് 21 അരങ്ങൊഴിഞ്ഞു; വ്യോമശക്തിയില്‍ ആശങ്ക

62 വർഷത്തെ സേവനത്തിനുശേഷം, ഇന്ത്യയുടെ ആദ്യത്തെ സൂപ്പർസോണിക് ജെറ്റ് മിഗ് ‑21 വിട പറഞ്ഞതോടെ രാജ്യത്തിന്റെ സ്ക്വാഡ്രൺ ശക്തി ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ത്യൻ വ്യോമസേനയുടെ എല്ലാ ആവശ്യങ്ങൾക്കുമായുള്ള യുദ്ധവിമാനങ്ങളുടെ സ്ക്വാഡ്രൺ എണ്ണം 29 ആയി കുറഞ്ഞു. 1960ന് ശേഷമുള്ള ഏറ്റവും താഴ്ന്ന സ്ഥിതിയാണിത്.
വ്യോമസേനയുടെ പടക്കുതിരയായിരുന്ന മിഗ് 21 ആയിരുന്നു സേനയുടെ പ്രധാന ശക്തി. ഒന്നിലധികം വകഭേദങ്ങളിലായി 870 എണ്ണം ഉൾപ്പെടുത്തിയിരുന്നു. 1983ൽ മിഗ്-21 വിമാനങ്ങൾക്ക് പകരമായി ഒരു പുതിയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കാൻ തീരുമാനിച്ചു. എങ്കിലും മിഗ്-21 പറക്കുന്നത് തുടർന്നു. ഒടുവില്‍ വിട വാങ്ങല്‍ പൂര്‍ത്തിയായപ്പോള്‍ സ്ക്വാഡ്രൺ ശക്തി 31 എന്നാണ് രേഖകളെങ്കിലും എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കുമുള്ള, ശക്തി 29 ആയി കുറഞ്ഞു എന്നതാണ് വസ്തുത. ഇതില്‍ എ‌െഒസി, എഫ്ഒസി പതിപ്പുകളിലുള്ള തേജസിന്റെ രണ്ട് സ്ക്വാഡ്രണുകളും ഉൾപ്പെടുന്നു.
അനുവദനീയമായ ഫൈറ്റർ സ്ക്വാഡ്രൺ ശക്തിയായ 42നപ്പുറം പോകാൻ അനുമതി തേടാനും വ്യോമസേന ആലോചിക്കുന്നു. തലമുറകളുടെ ശേഷിയെ അടിസ്ഥാനമാക്കിയുള്ള സ്ക്വാഡ്രണുകളാണ് വ്യോമസേന ലക്ഷ്യമിടുന്നത്. ഇതിൽ നവീകരിച്ച എസ്‌യു 30 എംകെഎ‌െ, റഫാൽ, തേജസ് എംകെ 1 എ, തേജസ് എംകെ 2, അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ്, മറ്റ് അഞ്ചാം തലമുറ പ്ലാറ്റ്‌ഫോമുകളുടെ സാധ്യമായ സംഭരണം എന്നിവ ഉൾപ്പെടും. ഇതില്‍ തേജസ് എംകെ 1എ 180 എണ്ണത്തിന് ഓര്‍ഡര്‍ നല്‍കികഴിഞ്ഞു.
2030 ആകുമ്പോഴേക്കും മിഗ്-29, ജാഗ്വാർ, മിറാഷ് തുടങ്ങിയ യുദ്ധവിമാനങ്ങൾ നിർത്തലാക്കാൻ തുടങ്ങും. ഇതെല്ലാം തേജസ് എംകെ 1 എ, തേജസ് എംകെ 2 എന്നിവയുടെ സമയബന്ധിതമായ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. പൂർണമായും തയ്യാറായ യുദ്ധവിമാനങ്ങൾ മാത്രമേ സ്വീകരിക്കൂ എന്ന് വ്യോമസേന വ്യക്തമാക്കിയതിനാൽ 2026ന്റെ ആദ്യ പാദത്തിൽ മാത്രമേ തേജസ് എംകെ 1എ യുടെ വിതരണം ആരംഭിക്കാൻ സാധ്യതയുള്ളൂ.
തേജസ് എംകെ1എ യിൽ നിന്ന് ഇന്ത്യൻ വ്യോമസേന ആഗ്രഹിച്ച നാല് വ്യത്യസ്ത സവിശേഷതകൾ ഉള്‍ക്കൊള്ളുന്ന വിമാനം ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. 2015ൽ എച്ച്എഎല്ലുമായി ഉണ്ടാക്കിയ കരാറായിരുന്നു അത്. പ്രത്യേക യുദ്ധോപകരണങ്ങളുടെ സംയോജനവും വെടിയുതിര്‍ക്കല്‍ സാധുതയും ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടിന്റെ സംയോജനവും ഇതിൽ ഉൾപ്പെടുന്നു. 2024 ഫെബ്രുവരി മുതൽ വിതരണം ആരംഭിക്കാൻ കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ അമേരിക്കൻ സ്ഥാപനമായ ജിഇയുടെ എന്‍ജിൻ വിതരണ കാലതാമസവും മറ്റ് പ്രശ്നങ്ങളും പരിപാടി വൈകിപ്പിച്ചു. 180 തേജസ് എംകെ 1എയ്ക്കാണ് വ്യോമസേന ഓർഡർ നൽകിയിട്ടുള്ളത്.
അതേസമയം തേജസ് എംകെ 2 പതിപ്പിനായാണ് സേന കാത്തിരിക്കുന്നത്. പുതിയ പതിപ്പ് മിറാഷ് 2000 വിമാനങ്ങളുടെ കഴിവുകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ഇവയുടെ രൂപകല്പന. മുൻ പതിപ്പുകളെക്കാൾ കൂടുതൽ പ്രതിരോധശേഷിയും ആക്രമണശേഷിയും ഇതിൽ ഉണ്ടാകും. എയർഫ്രെയിം തേജസ് എംകെ 1, എംകെ 1എ പതിപ്പുകളെക്കാൾ വലുതായിരിക്കും. പുതിയ 97 തേജസ് എംകെ 1എ പതിപ്പുകൾക്ക് പകരം, തേജസ് എംകെ 2ൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വ്യോമസേനയിലെ പലരും ആഗ്രഹിക്കുന്നു. തേജസ് എംകെ 2, മിറാഷ് 2000 ന്റെ കഴിവുകളുമായി ആക്രമണശക്തിയുടെ കാര്യത്തിൽ പൊരുത്തപ്പെടുമെന്നും ഡിആര്‍ഡിഒ വാഗ്ദാനം ചെയ്തിട്ടുള്ള അസ്ത്ര എംകെ 2 മിസൈല്‍, മറ്റ് പുതിയ ആയുധങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുമെന്നും വൃത്തങ്ങൾ പറയുന്നു.

Exit mobile version