തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്-ഓട്ടോ ടാക്സി നിരക്കുകൾ വർധിപ്പിച്ചു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വർധന. ഗതാഗതമന്ത്രി ആന്റണി രാജുവാണ് വർധനവ് പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
ഇന്ധനവില, സ്പെയർ പാർട്ട്സ് വില, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവയിലുണ്ടായ വൻ വർധനവും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതവും ഗതാഗത മേഖലയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബസുകളിലെ മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കി. മിനിമം ചാർജ്ജിന് ശേഷമുള്ള ഓരോ കിലോമീറ്ററിനുമുള്ള നിരക്ക് 90 പൈസയിൽ നിന്ന് ഒരു രൂപയാക്കും.
കെഎസ്ആർടിസിക്കും നിരക്ക് വർധന ബാധകമാണ്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുന്നതു പുനഃപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും.
ഓട്ടോറിക്ഷകൾക്ക് രണ്ട് കിലോമീറ്റർ വരെ മിനിമം ചാർജ് 30 രൂപയായും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. ഓട്ടോ മിനിമം ചാർജിൽ നിലവിൽ ഒന്നര കിലോമീറ്റർ ആയിരുന്നു സഞ്ചരിക്കാവുന്ന ദൂരം.
1500 സിസി വരെയുള്ള ടാക്സി കാറിനുള്ള മിനിമം നിരക്ക് 200 രൂപയായി ഉയർത്തി. നിലവിൽ ഇത് 175 രൂപയായിരുന്നു. അധിക കിലോമീറ്ററിന് 15ൽ നിന്ന് 18 രൂപയാകും. 1500 സിസിക്ക് മുകളിൽ നിലവിലെ 200 രൂപയിൽ നിന്ന് 225 രൂപയാകും. അധിക കിലോമീറ്ററിന് 17 ൽ നിന്ന് 20 രൂപയാകും. വെയ്റ്റിങ് ചാർജ് രാത്രികാല യാത്ര എന്നിവയ്ക്ക് നിലവിലെ ചാർജ് തുടരും. അഞ്ച് കിലോമീറ്ററാണ് മിനിമം നിരക്കിൽ ടാക്സിയിൽ സഞ്ചരിക്കാവുന്ന ദൂരം.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശ ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗം വിശദമായി ചർച്ചചെയ്തശേഷം അംഗീകാരം നൽകിയതായി മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാര്‍ത്ഥി യാത്രാനിരക്ക്: ബസുടമകള്‍ക്ക് അതൃപ്തി
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാതെയുള്ള ബസ് ചാർജ് വർധനവ് അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ വർഷങ്ങൾക്ക് മുമ്പ് നൽകിയതാണെന്നും അതിനുശേഷം പല തവണ ഇന്ധനവില വർധിച്ചിട്ടുണ്ടെന്നും ബസ് ഉടമകൾ പറഞ്ഞു. തുടർ നിലപാട് ഉടൻ യോഗം ചേർന്ന് സ്വീകരിക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. പൊതുജനത്തിന്റെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിച്ചുള്ള തീരുമാനമാണ് മുന്നണി യോഗത്തിൽ ഉയർന്നു വന്നതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി.
English Summary: The minimum auto charge in the state has been increased
You may like this video also