Site icon Janayugom Online

വീട്ടുമുറ്റം പൂക്കൃഷിയടമാക്കിയ കൃഷി മന്ത്രി നൂറുമേനി വിളവെടുത്തു

കൃഷി മന്ത്രി പി പ്രസാദ് മണ്ണിലേക്കിറങ്ങിയപ്പോൾ വീട്ടിലെ പൂകൃഷിയിൽ നൂറുമേനി വിളവ്. കാർഷിക മേഖലയിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പറയുക മാത്രമല്ല, മന്ത്രി പ്രവർത്തിച്ചു കാണിച്ച് കൊടുത്തപ്പോൾ കണ്ടു നിന്നവർക്ക് കണ്ണിനും മനസിനും ആനന്ദം. അത്തം ദിനത്തിൽ മന്ത്രിയുടെ ചേർത്തലയിലെ വസതിയിൽ നടത്തിയ പൂ കൃഷിയിലെ നൂറുമേനി വിളവെടുപ്പ് നാടിന് ഉത്സവമായി.
ഓണ വിപണി ലക്ഷ്യമിട്ടാണ് പൂകൃഷി ആരംഭിച്ചത്. വീടിനു ചുറ്റും പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തിൽ 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയുമാണ് കൃഷി ചെയ്തത്. ഇതിന് സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ട്. വീട്ടിലുള്ള സമയത്ത് മന്ത്രി തന്നെയാണ് കൃഷിയിടത്തിലെ കാര്യങ്ങൾ നോക്കുന്നത്. പൂ കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ല കളക്ടർ ഹരിത വി കുമാർ, സിനിമ സീരിയൽ ആർട്ടിസ്റ്റ് ബീന ആന്റണി, ചേർത്തല മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത അധ്യക്ഷർ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഓണക്കാലത്ത് പൂക്കൾ ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ മന്ത്രിയുടെ വീട്ടിൽ നിന്ന് തന്നെ പൂക്കൾ വാങ്ങാം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത ഷാജി, വി ജി മോഹനൻ, ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി എസ് അജയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത കാർത്തികേയൻ, ജി ശശികല, സ്വപ്ന ഷാബു, ഓമന ബാനർജി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, ചലച്ചിത്ര താരം അനൂപ് ചന്ദ്രൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
ഏറ്റവും ലാഭകരമായ രീതിയിൽ എല്ലാവർക്കും വീട്ടിൽ തന്നെ കൃഷി ചെയ്യാൻ കഴിയുന്ന സീസണബിൾ കൃഷിയെന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കേരളത്തിനാവശ്യമായ പൂക്കളും പച്ചക്കറിയും നമുക്ക് തന്നെ ഉല്പാദിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:The Min­is­ter of Agri­cul­ture went to the ground; Hun­dreds of crops in floriculture
You may also like this video;

Exit mobile version