പിഎംശ്രീ പദ്ധതിയിൽ ധാരണപത്രം ഒപ്പിട്ട നിലപാട് വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസവകുപ്പും തിരുത്തണമെന്ന് ആശ്യപ്പെട്ട് എഐവൈഎഫ്- എഐഎസ്എഫ് പ്രക്ഷോഭം ആരംഭിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ എന്നിവർ ആലപ്പുഴയില്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ ഇന്ന് രാവിലെ 11ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കും. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തും. വിദ്യാഭ്യാസമന്ത്രിയെ തടഞ്ഞുള്ള സമരത്തിന് ഇപ്പോൾ സാഹചര്യമില്ല. എൽഡിഎഫിലും മന്ത്രിസഭയിലും ചർച്ച നടത്താതെ പിഎംശ്രീയിൽ ഒപ്പിട്ട വിദ്യാഭ്യാസവകുപ്പിന് ഗുരുതരവീഴ്ചയുണ്ടായി. വിദ്യാഭ്യാസമേഖലയിലേക്ക് കേന്ദ്രത്തിന്റെ അജണ്ടകൾ നടപ്പാക്കാനാണ് ശ്രമം. എസ്എസ്എ ഫണ്ട് കിട്ടാനാണ് പിഎം ശ്രീ നടപ്പാക്കണമെന്നത് തെറ്റായപ്രചാരണമാണ്.
സാമ്പത്തിക ആവശ്യങ്ങളേയും രാഷ്ട്രീയ ആവശ്യങ്ങളേയും വേര്‍തിരിച്ചറിയാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയണം. ഇത് സിപിഐ(എം)-സിപിഐ തർക്കമായി മാറ്റരുത്. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. ഇതേനിലപാട് സ്വീകരിച്ച ഡിവൈഎഫ്ഐയും എസ്എഫ്ഐയും പരസ്യമായി പ്രതികരിക്കാത്തതില്‍ അത്ഭുതവും ആശങ്കയുമുണ്ട്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയുമായി വിദ്യാഭ്യാസവകുപ്പ് മുന്നോട്ടു പോയാൽ ശക്തമായ സമരം നടത്തും. യോജിച്ച സമരത്തിനുള്ള യൂത്ത് കോൺഗ്രസ് ക്ഷണം സ്വാഗതം ചെയ്യുന്നു. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് പിഎംശ്രീ പദ്ധതിയിൽനിന്ന് പിന്മാറണം. എസ്എസ്എ ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയ ഐഎഎസ് ഉദ്യോഗസ്ഥർ കേന്ദ്രസര്‍ക്കാരിന്റെ പിണയാളുകളായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോനും പങ്കെടുത്തു.

