ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു. ഇന്നലെ മുതൽ കൃത്യമായി നിരീക്ഷണത്തിൽ ഉണ്ടായിരുന്ന കടുവയെ ഇപ്പോൾ കാണാനില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഇത് പരിസരം വിട്ടുപോകാനുള്ള സാധ്യതയില്ല. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ വഴി പരിശോധന തുടരുകയാണ്.ഗ്രാമ്പി എസ്റ്റേറ്റിന്റെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവയുള്ളത്.
കാലിനേറ്റ പരുക്ക് ഗുരുതരമായതിനാൽ രണ്ടു ദിവസമായി കടുവ ഇവിടെ തന്നെ കിടക്കുകയാണ്. വനംകുപ്പ് വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്‍റെയും അനുമോദിന്‍റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വയ്ക്കാനായി പ്രദേശത്ത് എത്തിയിട്ടുണ്ട്. എരുമേലി റേഞ്ച് ഓഫിസർ കെഹരിലാലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം നടത്തുകയാണ്.
മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് കൂട്ടിൽ വച്ച് ചികിത്സ നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. ഏതാനും മീറ്റർ മാത്രമാണ് കടുവ സഞ്ചരിച്ചിട്ടുള്ളതെന്നാണ് വിവരം. തനിയെ നടന്ന് കൂട്ടിൽ കയറാനാകില്ലെന്ന് മനസ്സിലായതിനെ തുടർന്നാണ് മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനിച്ചത്.