Site icon Janayugom Online

അഫ്ഗാനിലെ ചുവര്‍ചിത്രങ്ങള്‍ മായ്ച്ചു തുടങ്ങി

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ചുമര്‍ചിത്രങ്ങള്‍ താലിബാന്‍ മായ്ച്ചു തുടങ്ങി. അഫ്ഗാനില്‍ താലിബാന്‍ നടപ്പാക്കാനൊരുങ്ങുന്ന തീവ്രനിലപാടുകളും വിജയ മുദ്രാവാക്യങ്ങളുമാണ് ചുമര്‍ചിത്രങ്ങള്‍ക്ക് പകരമായി ഭിത്തിയില്‍ വരച്ചുവയ്ക്കുന്ന‍ത്. അമേരിക്കയില്‍ വെള്ളക്കാരായ പൊലീസുകാരുടെ അതിക്രമത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ്ജ് ഫ്ലോയിഡ്, ഇറാനെ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍, അമേരിക്കയുടേയും താലിബാന്റെയും സമാധാന കരാര്‍, ജപ്പാന്‍ സന്നദ്ധപ്രവര്‍ത്തകന്റെ കൊലപാതകം തുടങ്ങി അഫ്ഗാന്റെ ആത്മാവുറങ്ങുന്ന ഒരു കൂട്ടം ചിത്രങ്ങളാണ് താലിബാന്‍ നിഷ്കരുണം വെള്ളപൂശിയത്.ആര്‍ട്‌ലോഡ്സ് എന്ന പേരില്‍ ഒരു കൂട്ടം കലാകാരന്മാര്‍ എട്ടുവര്‍ഷമെടുത്താണ് ഈ ചുമര്‍ചിത്രങ്ങള്‍ വരച്ചത്.

2019ല്‍ കൊല്ലപ്പെട്ട ഡോക്ടറും സന്നദ്ധപ്രവര്‍ത്തകനുമായ ടെട്സു നകാമുറ എന്ന ജാപ്പനീസ് പൗരന്റെ സ്മരണയ്ക്ക് വേണ്ടി കാബൂളിന്റെ മധ്യഭാഗത്തുള്ള കൂറ്റന്‍ മതിലില്‍ അദ്ദേഹത്തിന്റെ ചിത്രം ആര്‍ട്‌ലോഡ്സിലെ കലാകാരന്മാര്‍ വരച്ചുചേര്‍ത്തു. ഇന്ന് അത് അപ്രത്യക്ഷമായിരിക്കുന്നു. ചുമര്‍ചിത്രം മായ്ച്ചു കളഞ്ഞാലും നകാമുറയെ മറക്കാന്‍ കഴിയില്ലെന്ന് ആര്‍ട്‌ലോഡ്സിന്റെ സ്ഥാപകന്‍ ഒമൈദ് ഷരീഫി പറഞ്ഞു. കലാകാരന്മാര്‍ ജീവന്‍ നല്‍കിയ ചിത്രങ്ങള്‍ അഫ്ഗാന്റെ ആത്മാവാണെന്നും അദ്ദേഹം പറ‌ഞ്ഞു.

താലിബാന്‍ വധഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും പിന്തിരിയാന്‍ ഒരുക്കമല്ലെന്നും ഇനിയും ചിത്രം വരയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത ദിവസം ഷരിഫീയും അഞ്ച് സഹപ്രവര്‍ത്തകരും സര്‍ക്കാര്‍ കെട്ടിടത്തിന് പുറത്ത് ചിത്രം വരച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ചുമര്‍‍ചിത്രരൂപത്തില്‍ കാബൂളിലെ ഓരോ മതിലുകളിലും വീണ്ടും പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:The murals in Afghanistan began to be erased
You may also like this video

Exit mobile version