Site iconSite icon Janayugom Online

ഡൽഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥ’യാക്കണം; ആഭ്യന്തര മന്ത്രിക്കു കത്തയച്ച് ബിജെപി എംപി

ന്യൂഡൽഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. തലസ്ഥാനത്തിന്റെ ഈ പേരുമാറ്റം അതിന്റെ ചരിത്രപരവും സാംസ്കാരികവുമായ വേരുകളെ പ്രതിഫലിക്കുമെന്നും, ഡൽഹി ഇന്ത്യൻ നാഗരികതയുടെ ആത്മാവാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. പാണ്ഡവർ സ്ഥാപിച്ച ഇന്ദ്രപ്രസ്ഥ നഗരത്തിന്റെ ഉജ്വലമായ പാരമ്പര്യത്തിന്റെ പ്രതീകമാണ് ഡൽഹി. അതുകൊണ്ട്, രാജ്യത്തെ പ്രയാഗ്രാജ്, അയോധ്യ, ഉജ്ജയിൻ, വാരാണസി തുടങ്ങിയ ചരിത്ര നഗരങ്ങൾ പുനരുജ്ജീവിപ്പിക്കുമ്പോൾ എന്തുകൊണ്ട് ഡൽഹിയിലും ആയിക്കൂടാ എന്നാണ് എംപിയുടെ ചോദ്യം. 

ഡൽഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥ’ എന്ന് മാറ്റുന്നതിനൊപ്പം, ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ എന്നും, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ വിമാനത്താവളം എന്നും മാറ്റണമെന്നും കത്തിൽ ആവശ്യമുണ്ട്. കൂടാതെ, പാണ്ഡവരുടെ പ്രതിമകൾ ഡൽഹിയിൽ സ്ഥാപിക്കണമെന്നും ഖണ്ഡേൽവാൾ ആവശ്യപ്പെട്ടു. “ഈ മാറ്റം ഒരു ചരിത്രനീതി മാത്രമല്ല, സാംസ്കാരിക നവോത്ഥാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പ് കൂടിയാണ്. ഇത് ചരിത്രത്തെ പുനഃസ്ഥാപിക്കുകയും ചരിത്രനീതി സാധൂകരിക്കുകയും ചെയ്യും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഡൽഹിയുടെ പുരാതന ചരിത്രവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ ‘ഇന്ദ്രപ്രസ്ഥ’ എന്ന പേരാണ് അനുയോജ്യമെന്ന് കാണിച്ച് വിഎച്ച്പി സാംസ്കാരിക മന്ത്രിക്ക് കത്ത് നൽകിയിരുന്നു.

Exit mobile version