കോണ്‍ഗ്രസ് നേതാവും മുൻ രാജ്യസഭാ അംഗവുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം. തിരുവനന്തപുരം നെട്ടയത്തെ വസതിയില്‍ രാവിലെ പൊതുദര്‍ശനം നടന്നു. തുടര്‍ന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ എത്തിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കും. സംസ്‌കാരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തില്‍ നടക്കും.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു, കെപിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളില്‍ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

