Site icon Janayugom Online

നാളെ നടക്കാനിരുന്ന ദേശീയ ബാങ്ക് പണിമുടക്ക് ഒത്തുതീര്‍ന്നു

രാജ്യത്തെ ബാങ്ക് ജീവനക്കാർ നാളെ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷ (എഐബിഇഎ)ന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പിന്‍വലിച്ചു. ഡല്‍ഹിയില്‍ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും മാനേജ്മെന്റുമായും നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതോടെയാണിത്.

ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരെ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ഈ തീരുമാനം ഉപഭോക്താക്കളുടെ സ്വകാര്യതയെയും നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതും പുതിയ നിയമനങ്ങൾ കുറയ്ക്കുന്നതുമായിരുന്നെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു. പല ബാങ്കുകളും നിയമ ലംഘനം നടത്താൻ താൽപ്പര്യപ്പെടുന്നവരാണ്. തൊഴിൽ വകുപ്പിന്റെ നിർദ്ദേശങ്ങൾ മാനേജ്മെന്റുകൾ പാലിക്കുന്നുമില്ല. ഇൻഡസ്ട്രിയിൽ ഡസ്പ്യൂട്ട് ആക്റ്റ് ലംഘിക്കുന്ന മാനേജ്മെന്റുകൾ ജീവനക്കാരെ നിർബന്ധിച്ച് സ്ഥലംമാറ്റുക‍യാണെന്നും വെങ്കിടാചലം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ നടന്ന ചര്‍ച്ചകളില്‍ തീരുമാനമാവാതിരുന്നതോടെ എഐബിഇഎ സമരം പ്രഖ്യാപിച്ചു. ഭൂരിപക്ഷം ബാങ്ക് ജീവനക്കാരും സമരത്തിന് സജ്ജരായിരുന്നു. അതേസമയം, ഓഫീസർമാർ പണിമുടക്കിൽ ഇല്ലാത്ത സാഹചര്യത്തിൽ ബാങ്ക് ശാഖകളുടെ പ്രവർത്തനം സുഗമമായി നടത്താൻ കഴിയുമെന്നായിരുന്നു ബാങ്കുകൾ പറഞ്ഞിരുന്നത്. ദേശീയ തലത്തിലുള്ള പണിമുടക്കായതിനാൽ പണം നിക്ഷേപം, പിൻ വലിക്കൽ, ചെക്ക് പിൻവലിക്കൽ എന്നിവയെ ബാധിക്കുന്ന സ്ഥിതിയിലായിരുന്നു. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് എന്നിവ സമരം കാരണം സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൗണ്ടർ സേവനങ്ങൾ ഉള്‍പ്പെടെ തടസപ്പെടുമെന്നതിനാല്‍ അവസാനവട്ട ചര്‍ച്ചയ്ക്ക് തയാറാവുകയും എഐബിഇഎ ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലനിലപാട് സ്വീകരിക്കുകയുമായിരുന്നു.

Eng­lish Sum­ma­ry: The nation­al bank strike that was sup­posed to take place tomor­row has been settled

You may also like this video 

Exit mobile version