പുതുവത്സര ദിനത്തിൽ സാധാരണക്കാർക്ക് തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോയുള്ള വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വർധിപ്പിച്ചത്. പുതുക്കിയ വില ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള 14 കിലോ സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
വില വർധനയോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 1,698 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 1,730 രൂപയും കോഴിക്കോട് 1,719 രൂപയുമാണ് പുതിയ നിരക്ക്. ഡൽഹിയിൽ വില 1,691 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ഓരോ മാസവും പൊതുമേഖലാ എണ്ണ കമ്പനികൾ വില പരിഷ്കരിക്കുന്നത്. ഡിസംബറിൽ വാണിജ്യ സിലിണ്ടറുകൾക്ക് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പുതുവർഷത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില ഉയർന്നത് ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടാൻ കാരണമാകുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്.

