Site iconSite icon Janayugom Online

‘ജനയുഗം’ വാര്‍ത്ത അധികൃതരുടെ കണ്ണുതുറപ്പിച്ചു; ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷയൊരുക്കി കെഎസ്ഇബി

കുരട്ടിശ്ശേരി പുഞ്ചയിലെ പാടശേഖരത്തിൽ അപകട ഭീഷണിയായി മാറിയ ട്രാൻസ്ഫോർമറിന് കെഎസ്ഇബി സുരക്ഷയൊരുക്കി. കുരട്ടിശ്ശേരി പുഞ്ചയിലെ പാടശേഖരങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ച ഫ്യൂസ് കാരിയറുകളും സുരക്ഷാ വേലികളുമില്ലാത്ത ട്രാൻസ്ഫോർമറുകൾ ഉയർത്തുന്ന അപകട ഭീഷണിയെക്കുറിച്ച് ‘ജനയുഗ’ത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് നാലുതോട് പാടശേഖര സമിതി പ്രസിഡന്റ് ഹരിദാസ് കിം കോട്ടേജ്, സെക്രട്ടറി രവീന്ദ്രനാഥ കൈമൾ എന്നിവർ മാന്നാർ കെഎസ്ഇബി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് പരാതിയും നൽകിയിരുന്നു. തുടർന്നാണ് മാന്നാർ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സുരക്ഷയൊരുക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടത്. നാലുതോട് പാടശേഖരത്തിലും സമീപത്തുമായി നാലോളം ട്രാൻസ്ഫോർമറുകളാണ് സുരക്ഷാ വേലികളില്ലാത്തതിനാൽ അപകടഭീഷണി ഉയർത്തി നിൽക്കുന്നത്. 

മീൻകുഴിവേലി, കണത്താരി, കുറുക്കം, വട്ടപ്പണ്ടാരി എന്നീ ട്രാൻസ്ഫോർമറുകളാണ് സുരക്ഷിതമല്ലാതെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ നാലുതോട് പാടശേഖരത്തിലെമീൻകുഴിവേലി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് കാരിയകൾക്കാണ് സുരക്ഷാ കവചം തീർത്ത് സംരക്ഷണമൊരുക്കിയത്. ഈ ട്രാൻസ്ഫോർമറിന് സമീപത്തെ വെള്ളക്കെട്ടിലായിരുന്നു കഴിഞ്ഞ ദിവസം ചെന്നിത്തല പായിക്കാട്ട് സോമന്റെ ഒരു വയസ്സുള്ള പോത്ത് ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടത്. മീൻ കുഴിവേലി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് കാരിയറുകൾക്ക് സുരക്ഷാ കവചം ഒരുക്കിയ കെഎസ്ഇബിക്ക് നന്ദി അറിയിക്കുന്നതായും മറ്റ് ട്രാൻസ്ഫോർമറുകൾക്കു കൂടി സുരക്ഷ ഒരുക്കണമെന്ന് നാലു തോട് പാടശേഖര സമിതി പ്രസിഡന്റ് ഹരിദാസ് കിം കോട്ടേജ്, സെക്രട്ടറി രവീന്ദ്രനാഥ കൈമൾ എന്നിവർ പറഞ്ഞു. 

Exit mobile version