കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കൃഷ്ണപുരം ഞക്കനാൽ മുറിയിൽ അനൂപ് ഭവനം വീട്ടിൽ അനൂപിനെയാണ് (28) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. നരഹത്യാ ശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അനൂപിനെ 2023ലും 2024 ഉം കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.
2021ൽ അനൂപിനെ ആലപ്പുഴ ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടു കടത്തിയിരുന്നതും അത് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിലേക്ക് കാപ്പാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ശിക്ഷിച്ചിട്ടുണ്ട്. 2024 ലെ കരുതൽ തടങ്കൽ കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബര്‍ 23 ന് രാത്രി ഒരു മണിയോടു കൂടി ഓച്ചിറ പ്രീമിയർ ജംഗ്ഷനിൽ വെച്ച് കുറക്കാവ് സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനാലാണ് അനൂപിനെതിരെ ഇപ്പോൾ കാപ്പാ പ്രകാരം ഒരു വര്‍ഷക്കാലത്തേയ്ക്ക് കരുതൽ തടങ്കൽ നടപടി സ്വീകരിച്ചത്.

