Site iconSite icon Janayugom Online

സംസ്ഥാനത്ത് ഹൃദ്രോഗികളുടെ എണ്ണം കൂടുന്നു

ഹൃദ്രോഗങ്ങളിൽ ഏറ്റവും വലിയ വെല്ലുവിളിയായി അക്യൂട്ട് ഹാർട്ട് ഫെയിലർ രോഗികളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നുവെന്ന് കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ) കേരള ചാപ്റ്ററിന്റെ പഠനം. ഇതു സംബന്ധിച്ച റിപ്പോർട്ട് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചു.

കാർഡിയോളജി വിഭാഗത്തിലെ വിദഗ്ദരായ ഡോ. സ്റ്റിജി ജോസഫ്, ഡോ. എസ് ഹരികൃഷ്ണൻ, ഡോ. പി ജീമോൻ, ഉൾപ്പടെ കേരളത്തിലെ 50 കാർഡിയോളജിസ്റ്റുകൾ അടങ്ങുന്നതാണ് ഗവേഷക സംഘം. ഹാർട്ട് ഫെയിലറുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം ആഗോള തലത്തിൽ 70 ആണെങ്കിൽ, കേരളത്തിൽ 60 ആണെന്ന് പഠനം വിലയിരുത്തുന്നു.

ഹാർട്ട് ഫെയിലർ ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും പൊതുവായ അവബോധം ആവശ്യമാണ്. ഹൃദയപേശികൾക്ക് രക്തം നൽകുന്ന ധമനികളുടെ തടസം മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ശരീര കോശങ്ങളെ പോഷിപ്പിക്കുന്നതിനായി ശരീരത്തിന് വേണ്ട രക്തം പമ്പ് ചെയ്യാനാകാതെ വരുന്നതാണ് ഹാർട്ട് ഫെയിലർ അഥവാ ഹൃദയപേശീ ബലക്ഷയം. ഹൃദയത്തെ ബലഹീനമാക്കുന്ന നിരവധി ഹൃദയ രോഗങ്ങളുടെ ആകെ ഫലമാണ് ഹാർട്ട് ഫെയിലർ. ഹൃദയ സ്തംഭനം ഇതിന് പ്രധാന കാരണമാണെങ്കിലും, കാരണങ്ങളിൽ ഒന്നുമാത്രമാണ്.

കേരളത്തിൽ മൂന്നിൽ രണ്ട് രോഗികൾക്കും ഹാർട്ട് അറ്റാക്ക് മൂലമാണ് ഹാർട്ട് ഫെയിലർ സംഭവിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഈ രോഗികളിൽ ഭൂരിഭാഗവും പ്രമേഹവും രക്താതിസമ്മർദ്ദവും ഉള്ളവരാണ്. ഹൃദയത്തിന്റെ

ഇടത് കീഴറയിലെ പേശികൾ ബലഹീനമായി ആവശ്യമായ രക്തം പമ്പ് ചെയ്യാതിരിക്കുക മൂലം രക്തചംക്രമണം ദുർബലമാകുന്നതാണ് പ്രധാനമായി കാണുന്ന ഹാർട്ട് ഫെയിലർ. എന്നാൽ ചില രോഗികളിൽ ഈ അറയുടെ പേശീഭിത്തി കട്ടി കൂടി വേണ്ട രീതിയിൽ രക്തം വന്നു നിറയാതിരിക്കുക കാരണവും ഹാർട്ട് ഫെയിലർ സംഭവിക്കുന്നു. ഏകദേശം 15 ശതമാനം രോഗികൾക്ക് ഈ വിധത്തിലുള്ള ഹാർട്ട് ഫെയിലർ സംഭവിക്കുന്നുവെന്ന് ഈ പഠനത്തിൽ തെളിഞ്ഞുവെന്ന് ഡോ. സ്റ്റിജി ജോസഫ് പറഞ്ഞു.

ഹാർട്ട് ഫെയിലറുമായി പ്രവേശിപ്പിക്കപ്പെടുന്ന ഏഴു ശതമാനം രോഗികളും ആശുപത്രിയിൽ ആയിരിക്കുമ്പോൾ തന്നെ മരിക്കുകയും, 11 ശതമാനം രോഗികൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ മരിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. രോഗനിർണയത്തിന് ശേഷമുള്ള ആദ്യ മൂന്ന് മാസ കാലയളവിൽ 11 ശതമാനം രോഗികൾ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതായും പഠനം കണ്ടെത്തി.

eng­lish summary;The num­ber of heart patients is increas­ing in the state

you may also like this video;

Exit mobile version