Site icon Janayugom Online

ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യവകുപ്പ്. കോവിഡ് മൂന്നാം തരംഗത്തിലെ പ്രതിരോധം ആദ്യ തരംഗങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒമിക്രോൺ മൂലമാണ് വലിയ തോതിലുള്ള രോഗവ്യാപനം സംസ്ഥാനത്തുണ്ടായിരിക്കുന്നത്. കോവിഡിന്റെ ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ താരതമ്യേന തീവ്രമല്ല. ഈയൊരു ഘട്ടത്തില്‍ സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ട. കോവിഡ് രോഗിയെ പരിചരിക്കുന്ന ആളിന് മാത്രം ക്വാറന്റൈന്‍ മതിയെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കോവിഡ് വ്യാപന തോത് കുറഞ്ഞു. സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ഈ മാസമാണ്.

ആദ്യ ആഴ്ച കോവിഡ് കേസുകളില്‍ 45 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ രണ്ട്, മൂന്ന് ആഴ്ചകളില്‍ 148, 215 ശതമാനം വര്‍ധനവാണുണ്ടായത്. എന്നാല്‍ ഈ ആഴ്ച 71 ശതമാനം കേസുകള്‍ കുറഞ്ഞു. ഇത് ആശ്വാസം നല്‍കുന്നതാണെങ്കിലും മൂന്നാഴ്ച ശ്രദ്ധിക്കണം. അടിസ്ഥാനപരമായി ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത് മൂന്നു ശതമാനം രോഗികളെ മാത്രമാണ്. സർക്കാർ ആശുപത്രികളിലെ 40.6 ശതമാനം ഐസിയു ബെഡുകളിൽ മാത്രമേ ഇപ്പോൾ രോഗികളുള്ളൂ. കോവിഡ്, കോവിഡ് ഇതര രോഗികളുടെ എണ്ണമാണിത്. വെന്റിലേറ്റർ ഉപയോഗം 13 ശതമാനം മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ 9.3 ശതമാനം ഐസിയു ബെഡുകളിലും 9.99 ശതമാനം വെന്റിലേറ്ററുകളിലും മാത്രമേ രോഗികളുള്ളൂ.

 

ജില്ലകളില്‍ മെഡിക്കല്‍ പ്രൊഫഷണല്‍ പൂള്‍

 

എല്ലാ ജില്ലകളിലും മെഡിക്കല്‍ പ്രൊഫഷണല്‍ പൂള്‍ രൂപീകരിക്കും. ജില്ലയിലെ വിരമിച്ച ഡോക്ടര്‍മാര്‍, സീനിയര്‍ ഡോക്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ ടെലിമെഡിസിന്‍ സംവിധാനം സജ്ജമാക്കും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍, കോവിഡ് ബാധിതരായ സ്ത്രീകള്‍, പ്രായമായ സ്ത്രീകള്‍, മറ്റുള്ളവര്‍ കോവിഡ് ബാധിച്ചതിനാല്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകള്‍ എന്നിവരെ അങ്കണവാടി ജീവനക്കാര്‍ ഫോണില്‍ വിളിച്ച് സഹായം ഉറപ്പാക്കും. ഇവര്‍ ബന്ധപ്പെട്ടവരെ അറിയിച്ച് ഭക്ഷണം, മരുന്ന്, കൗണ്‍സിലിംഗ് എന്നിവ ഉറപ്പാക്കും.

 

Eng­lish Sum­ma­ry: The num­ber of patients com­ing to hos­pi­tals is declin­ing, says the Health Minister

You may like this video also

Exit mobile version