മാനവികത പുലരേണ്ട ലോകത്തില്‍ അതിര്‍വരമ്പുകള്‍ മറികടക്കുന്ന ഏവര്‍ക്കുമുള്ള താക്കീതായാണ് മണിമുഴക്കം അര്‍ത്ഥമാക്കുന്നത്. അതിര്‍വരമ്പുകള്‍ ലംഘിക്കുകയെന്നാല്‍ വന്യതയുടെ ലോകം സൃഷ്ടിക്കുക എന്നതുതന്നെ. ഇതിന്റെയെല്ലാം അനന്തരഫലങ്ങള്‍ക്ക് വേര്‍തിരിവുകളില്ല, ആരും രക്ഷപ്പെടുന്നുമില്ല. ന്യൂറംബര്‍ഗ് വിചാരണകള്‍ പ്രത്യക്ഷോദാഹരണങ്ങളാണ്. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ വഴിയൊരുക്കിയ കുറ്റകൃത്യങ്ങള്‍ക്ക് കാര്‍മ്മികരായവരെ ന്യൂറംബര്‍ഗ് വിചാരണയില്‍ ശിക്ഷ വിധിച്ചതിന്റെ 80-ാം വാര്‍ഷികമായിരുന്നു ഒക്ടോബര്‍ 18. അധികാര ദുര്‍വിനിയോഗത്തിലും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവര്‍, അവരുടെ അധികാരവും സ്ഥാനവും എന്തുതന്നെയായാലും ഒരു ദിവസം സമൂഹത്തോട് ഉത്തരവാദിത്തം ഏറ്റുപറയേണ്ടിവരുമെന്ന് ഈ തീയതി ഓര്‍മ്മിപ്പിക്കുന്നു. ഓഷ്‌വിറ്റ്‌സ് തടങ്കല്‍പ്പാളയത്തിലെ കുപ്രസിദ്ധ മരണക്യാമ്പുകളില്‍ ഒന്നില്‍ മാത്രം 1940 മേയ് മുതല്‍ 1943 ഡിസംബര്‍ വരെ 2,500,000 പേരെ ചുട്ടുകൊന്നുവെന്ന് നാസി ഓഫിസര്‍ റുഡോള്‍ഫ് ഹെസ് സ്ഥിരീകരിച്ചു. അര ദശലക്ഷത്തിലധികം പട്ടിണിയോ രോഗങ്ങളോ മൂലം മരിച്ചു. ഓഷ്‌വിറ്റ്‌സ് പാളയത്തിലെ വിവിധ ക്യാമ്പുകളില്‍ നാല് ദശലക്ഷം ആളുകളെയാണ് കൊന്നൊടുക്കിയത്. അമ്മമാരുടെ കൈകളില്‍ നിന്ന് വലിച്ചെടുത്ത് കുഞ്ഞുങ്ങളെ ചൂളകളിലേക്ക് എറിഞ്ഞു. 1945 ഒക്ടോബര്‍ 18ന്, ഹെര്‍മന്‍ ഗോറിങ്, ആല്‍ബര്‍ട്ട് സ്പിയര്‍ തുടങ്ങിയ അതിക്രൂരരായ 24 മുന്‍ നാസി നേതാക്കള്‍ക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി. വിചാരണ 10 മാസം നീണ്ടുനിന്നു. 1946 ഒക്ടോബര്‍ ഒന്നിന് വിധി പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സഖ്യശക്തികള്‍ (യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഗ്രേറ്റ് ബ്രിട്ടന്‍, സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ്) യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, സമാധാനത്തിനെതിരായ ചെയ്തികള്‍ എന്നിവയില്‍ നാസി ജര്‍മ്മനിയിലെ കുപ്രസിദ്ധ നേതാക്കളെ വിചാരണ ചെയ്യുന്നതിനായി നടത്തിയ സൈനിക ട്രിബ്യൂണലുകളുടെ ഒരു പരമ്പരയായിരുന്നു ന്യൂറംബര്‍ഗ് വിചാരണകള്‍. 1945നും 1946നും ഇടയില്‍ ജര്‍മ്മനിയിലെ ന്യൂറംബര്‍ഗില്‍ നടന്ന ഈ വിചാരണകളില്‍ വ്യക്തികളെ അവരുടെ പ്രവൃത്തികള്‍ക്ക് ഉത്തരവാദികളാക്കിയും ഹോളോകോസ്റ്റിന്റെ അതിക്രമങ്ങള്‍ ഔപചാരികമായി രേഖപ്പെടുത്തിയും രാജ്യാന്തര നിയമപ്രക്രിയയില്‍ നിര്‍ണായക മാതൃകയായി. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള ചീഫ് പ്രോസിക്യൂട്ടര്‍ റോബര്‍ട്ട് ജാക്‌സണ്‍ പറഞ്ഞത് വീണ്ടും കേള്‍ക്കാം, ”ഞങ്ങള്‍ നിരത്തുന്ന തെളിവുകള്‍ ജുഗുപ്‌സാവഹമാകാം. നിങ്ങളുടെ ഉറക്കം കെടുത്തി എന്നും പരാതിപ്പെടാം. പക്ഷേ ഇവ ലോകത്തിന് ബോധ്യപ്പെട്ട കാര്യങ്ങളാണ്. ജര്‍മ്മനി വിശാലമായ പീഡന മുറിയായി. ലോകമെമ്പാടും ഇരകളുടെ നിലവിളികള്‍ മുഴങ്ങിക്കേട്ടു. പരിഷ്‌കൃത സമൂഹത്തിന്റെ ഉള്ളുനൊന്തു. തെളിവുകള്‍ വ്യക്തമാണ്, വളരെ ശക്തവും. ഞാന്‍ പറയുന്ന ഒരു വാക്കുപോലും നിഷേധിക്കപ്പെടില്ല. നാസി ആക്രമണം ലോകത്തിന് ഏല്പിച്ച മുറിവുകള്‍ വളരെ ആഴത്തിലുള്ളതായിരുന്നു. അവിടെനിന്നും ഇന്നും ചോരയൊലിക്കുകയാണ്.” ചീഫ് പ്രോസിക്യൂട്ടറുടെ വാക്കുകള്‍ പ്രവചനസ്വഭാവം പേറിയിരുന്നു. നാസിസം ഒരു പുതിയ രൂപത്തില്‍ ലോകത്തിലേക്ക് പ്രവേശിച്ചു. അവ വംശീയ വിദ്വേഷത്തിന്റെയും തീവ്രവാദത്തിന്റെയും അധികാര ധാര്‍ഷ്ട്യത്തിന്റെയും ക്രൂരതയുടെയും ചിഹ്നങ്ങള്‍ വീണ്ടും പേറി. ദേശീയതയുടെയും സൈനികതയുടെയും ജീവിക്കുന്ന പ്രതീകങ്ങളായി രൂപാന്തരപ്പെട്ടു. നാസി ജര്‍മ്മനിയിലെ ഏറ്റവും ക്രൂരമായ ഉദ്യോഗസ്ഥവൃന്ദത്തില്‍ രണ്ടാമനായിരുന്നു ഹെര്‍മന്‍ ഗോറിങ്. ഹിറ്റ്‌ലര്‍ മാത്രമായിരുന്നു മുകളില്‍. കിഴക്കന്‍ യൂറോപ്പ് കീഴടക്കാനുള്ള ജര്‍മ്മനിയുടെ പദ്ധതിയില്‍ ഗോറിങ് നിര്‍ണായക പങ്കാളിത്തം വഹിച്ചു. ജൂതന്മാരെ കൊള്ളയടിക്കാനും കൊലപ്പെടുത്താനുമുള്ള നാസി നയങ്ങള്‍ വികസിപ്പിക്കാന്‍ മുന്നിട്ടിറങ്ങി. ന്യൂറംബര്‍ഗിലെ അന്താരാഷ്ട്ര സൈനിക ട്രിബ്യൂണല്‍ ഗോറിങ്ങിന് വധശിക്ഷ വിധിച്ചു. വധശിക്ഷയ്ക്ക് മുമ്പ്, ഗോറിങ് ആത്മഹത്യ ചെയ്തു. ജര്‍മ്മന്‍ കുത്തക മുതലാളിത്തത്തിന്റെ സൃഷ്ടിയായിരുന്നു നാസിസം. അത് അധികാരത്തോടൊപ്പം വന്നു. ഭരണകൂടത്തില്‍ കേന്ദ്രീകരിക്കപ്പെട്ടു. അന്താരാഷ്ട്ര സാമ്രാജ്യത്വ പിന്തുണയുടെയും നേരിട്ട് ആര്‍ജിച്ച കരുത്തിലും അഭിരമിച്ച് ഭീകരതയും അതിക്രമങ്ങളും പ്രവര്‍ത്തനശൈലിയാക്കി. ഇറ്റലിയിലെ ഫാസിസത്തെപ്പോലെ, നാസിസത്തിനും സ്വേച്ഛാധിപത്യം സ്ഥാപിക്കാനുള്ള പ്രവണതയുണ്ടായിരുന്നു. ക്രുപ്പ് കുടുംബം, വോഗ്ലര്‍മാര്‍, ലവന്‍ഫെല്‍ഡ്‌സ്, ഷ്രോഡ്‌സ്, ഷ്‌നിറ്റ്സ്ലര്‍മാര്‍ തുടങ്ങിയ ജര്‍മ്മന്‍ വ്യവസായികളും ധനകാര്യ കേന്ദ്രങ്ങളും നാസി നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. കിരീടം ധരിക്കാത്ത ഇത്തരം രാജാക്കന്മാര്‍ ജര്‍മ്മനിയുടെ മുഴുവന്‍ സാമ്പത്തിക ശേഷിയും നാസി ആക്രമണ ശേഷിക്കുവേണ്ടി സമര്‍പ്പിച്ചു. മനുഷ്യരെക്കുറിച്ചുള്ള മനുഷ്യത്വരഹിതമായ നാസി പരീക്ഷണങ്ങളില്‍ അവര്‍ ഉന്മത്തരായി. പരീക്ഷണങ്ങളുടെ ഭീകരമായ പ്രക്രിയയില്‍ പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ആളുകളെ അടിമകളാക്കി, പരീക്ഷണ വസ്തുക്കളാക്കി. ന്യൂറംബര്‍ഗില്‍ 199 പ്രതികളെ വിചാരണ ചെയ്തു. 161 പേരെ കുറ്റക്കാരായി കണ്ടെത്തി, 37 പേരെ വധശിക്ഷയ്ക്ക് വിധിച്ചു, 12 പേരെ അന്താരാഷ്ട്ര സൈനിക ട്രിബ്യൂണല്‍ വിചാരണ ചെയ്തു. ഹോളോകോസ്റ്റ് കുറ്റകൃത്യങ്ങള്‍ ഐന്‍സാറ്റ്‌സ് ഗ്രൂപ്പിലെ നേതാക്കള്‍ക്കെതിരായ യുഎസ് വിചാരണയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ പ്രതികള്‍ പൊതുവേ സമ്മതിച്ചു. പക്ഷേ ഒരു ഉയര്‍ന്ന അധികാരിയുടെ ഉത്തരവുകള്‍ പാലിക്കുക മാത്രമായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും അവര്‍ നിലപാടെടുത്തു. ഹോളോകോസ്റ്റിന് ഏറ്റവും ഉത്തരവാദിയായ നാസികളുടെ പരമോന്നത അധികാരി അഡോള്‍ഫ് ഹിറ്റ്‌ലറും അടുത്ത നിരവധി സഹായികളും യുദ്ധത്തിന്റെ അവസാന ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തു. ചിലര്‍ ജര്‍മ്മനിയില്‍ നിന്ന് വിദേശത്തേക്ക് പലായനം ചെയ്തു. നാസികള്‍ ജൂതന്മാരെ തങ്ങളുടെ മുഖ്യശത്രുവായി കണ്ടു. ജൂത പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വേട്ടയാടി. എന്തുകൊണ്ടാണ് നാസികള്‍ പ്രത്യേക ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടത്? നാസികള്‍ തുടക്കം മുതല്‍ തന്നെ ജര്‍മ്മനിയിലെ ജൂത ജനതയെ നിഷ്‌കരുണം, ഒറ്റപ്പെടുത്താനും, ദരിദ്രരാക്കാനും ആഗ്രഹിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധ സമയത്ത്, ഈ നയം കൂട്ടക്കൊലയിലേക്ക് വളര്‍ന്നു. നാസികളും അവരുടെ സഖ്യകക്ഷികളും സഹകാരികളും ഹോളോകോസ്റ്റ് എന്ന വംശഹത്യയിലൂടെ ആറ് ദശലക്ഷം ജൂതന്മാരെ കൊന്നൊടുക്കി. യൂറോപ്പിലെ ജൂതന്മാരുടെ വംശഹത്യക്ക് പുറമേ, നാസികള്‍ കമ്മ്യൂണിസ്റ്റുകളെയും മറ്റ് ചില ജനവിഭാഗങ്ങളെയും പീഡിപ്പിക്കുകയോ മൃഗീയമായി കൊന്നൊടുക്കുകയോ ചെയ്തു. പലപ്പോഴും സഖ്യകക്ഷികളുടെയും സഹകാരികളുടെയും സഹായത്തോടെയാണ് നാസികള്‍ ഇതെല്ലാം ചെയ്തത്.
മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി

