Site iconSite icon Janayugom Online

മിശ്രവിവാഹം എതിർത്ത മാതാപിതാക്കളെ കൊലപ്പെടുത്തി നഴ്സ്

25 വയസുകാരിയായ സുരേഖയാണ് മിശ്രവിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ച മാതാപിതാക്കളെ ആശുപത്രിയില്‍ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് അമിതമായി കുത്തിവച്ച് കൊലപ്പെടുത്തി. വികാരബാദ് ജില്ലയിലെ യച്ചാരം ഗ്രാമത്തിലാണ് സംഭവം നടന്നത്. സങ്കറെഡ്ഡി ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായാണ് പ്രതിയായ സുരേഖ ജോലി ചെയ്തത്.

ജനുവരി 24‑ന് രാത്രി ശാരീരിക വേദനയ്ക്കുള്ള മരുന്നെന്ന പേരിലാണ് സുരേഖ മാതാപിതാക്കളായ ലക്ഷ്മിക്കും ( 54), ദശരഥിനും (58) ഇന്‍ജക്ഷന്‍ നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. സെഡേറ്റീവ് മരുന്നായ ആർട്ടിസലാണ് ഉയര്‍ന്ന അളവില്‍ കുത്തിവച്ചത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഒരു പുരുഷനുമായി സുരേഖ അടുത്ത ബന്ധത്തിലായിരുന്നു. ഇയാള്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളായതിനാല്‍ രക്ഷിതാക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തത്. ഇതിന്റെ പേരിൽ വീട്ടിൽ സ്ഥിരമായി തർക്കം ഉണ്ടായിരുന്നു.

ഇന്‍ജക്ഷന്‍ നല്‍കിയതിന് പിന്നാലെ ഇരുവരും ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് സുരേഖ സഹോദരനെ വിവരമറിയിച്ചു. സഹോദരന്‍ സ്ഥലത്തെത്തിയാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ കുത്തിവയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ച് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കണ്ടെത്തി. സംശയം തോന്നിയതിനെ തുടര്‍ന്ന് സുരേഖയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. പ്രതിയെ ബുധനാഴ്ച അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

Exit mobile version