സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി മന്ത്രി പി പ്രസാദ്. തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) യുടെ നേതൃത്വത്തിൽ നിർമിക്കുന്ന കാബ്കോ എക്സ്പോ സെന്ററിന്റെയും അഗ്രിപാർക്കിന്റെയും ശിലാസ്ഥാപനവും നിർമ്മാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചിങ്ങം ഒന്നിന് ഒരു പുതിയ നൂറ്റാണ്ടും പുതിയ വർഷവും തുടങ്ങുകയാണ്. കേരളത്തിന്റെ കാർഷിക രംഗത്തും ഒരു പുതിയ വിപ്ലവവും ആരംഭിക്കുകയാണ്. കാർഷികരംഗത്തെ ദ്വിതീയ മേഖലയിൽ ശ്രദ്ധയൂന്നി സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കാബ്കോ എക്സ്പോ സെന്റർ സജ്ജമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കർഷകരുടെ ഉല്പന്നങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാബ്കോ എക്സിബിഷൻ സെന്റർ സ്ഥാപിക്കുന്നത്. കേരളത്തിലെ കാർഷികമേഖല ഇന്ന് അതിജീവനപാതയിലാണ്. കർഷകന് തന്റെ ഉല്പന്നങ്ങൾക്ക് വിലനിശ്ചയിക്കാനാവണം. നിലവിൽ കർഷകൻ വെറും കാഴ്ചക്കാരനാണ്. ഇത് മറികടക്കാൻ മൂല്യവർധിത ഉല്പന്നമേഖലയിലേക്ക് കടക്കണം. അതിനാണ് കേരളഗ്രോ അടക്കമുള്ള ബ്രാൻഡുകൾ നാം ഉണ്ടാക്കിയത്. നൂറുകണക്കിന് ഉല്പന്നങ്ങൾ ഇന്ന് കേരളഗ്രോ ബ്രാൻഡിൽ ലഭ്യമാണ്.
കേരളത്തിലെ കർഷകരുടെ ഉല്പന്നങ്ങൾ പുറത്തേക്ക് എത്തിക്കാനാണ് കാബ്കോ ആരംഭിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കാർഷിക മൂല്യവർധനവും വിപണനവും ശക്തിപ്പെടുത്തുന്നതിന് രൂപീകൃതമായ പൊതുസ്വകാര്യ സംയുക്ത സംരംഭമാണിത്. പൂർണമായും പ്രൊഫഷണലായി വിഭാവനം ചെയ്തിട്ടുള്ള കമ്പനി സിയാൽ മാതൃകയിലാണ് പ്രവർത്തിക്കുക. കർഷകർക്ക് ഏറ്റവും അധികം പ്രയോജനം ലഭിക്കുന്ന ഈ എക്സിബിഷൻ സെന്ററിന്റെ നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതലയെന്നും മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കാബ്കോ എംഡി സാജു കെ സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. ഡോ. അദീല അബ്ദുള്ള, എൻ പ്രശാന്ത്, മേടയിൽ വിക്രമൻ, ഡി ജി കുമാരൻ, ജ്ഞാനദാസ്, ഡോ. സുജിത് കുമാർ എന്നിവർ പങ്കെടുത്തു.
65,000 ചതുരശ്ര അടി വിസ്തൃതി
65,000 ചതുരശ്രഅടി വിസ്തൃതിയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് എക്സിബിഷൻ സെന്റര്‍ നിര്‍മ്മിക്കുന്നത്. എക്സിബിഷനുകൾ, കൺവെൻഷനുകൾ, ട്രേഡ് ഷോകൾ, ബിസിനസ് മീറ്റിങ്ങുകൾ, കോർപറേറ്റ് ഇവന്റുകൾ എന്നിവ നടത്തുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും. 100 സ്റ്റാളുകളിൽ വർഷം മുഴുവൻ പ്രദർശന വിപണനമേളകൾ സംഘടിപ്പിക്കാനാകും. ആധുനിക ഫുഡ് കോർട്ടും രൂപകല്പന ചെയ്തിട്ടുണ്ട്. ഏഴു നിലകളിലായി കൃഷിവകുപ്പിന് കീഴിലെ വിശാലമായ പൊതുഓഫിസ് സമുച്ചയമാണ് അഗ്രിപാർക്ക് എന്ന പേരിലുള്ള അഗ്രോ ടവർ. കാർഷിക‑ഭക്ഷ്യ മേഖല ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും അനുയോജ്യമായ ഈ അഗ്രി ടവറിന്റെ നിർമ്മാണവും ഇതോടൊപ്പം ആരംഭിക്കും. എട്ടുകോടി മുതൽ മുടക്കിലാണ് എക്സിബിഷൻ സെന്റര്‍ സ്ഥാപിക്കുന്നത്. 50 കോടി രൂപയാണ് അഗ്രിപാർക്കിന്റെ മുതല്‍മുടക്ക്.