Site iconSite icon Janayugom Online

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണം

binoy sirbinoy sir

കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും നടപ്പിലാക്കി വരുന്ന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമില്ലാത്ത പെന്‍ഷന്‍ പദ്ധതി റദ്ദാക്കി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉറപ്പില്ലാത്ത പെൻഷൻ പദ്ധതിയായ എൻപിഎസിനെതിരായ കേന്ദ്ര‑സംസ്ഥാന സർക്കാർ ജീവനക്കാരുടെ പോരാട്ടത്തിന് പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ ജീവനക്കാർക്ക് നിർവചിക്കപ്പെട്ടതും ഉറപ്പുനൽകിയതുമായ പെൻഷൻ സമ്പ്രദായം മാറ്റി ദേശീയ പെൻഷൻ സമ്പ്രദായം നടപ്പിലാക്കുന്നത് ആശങ്കാജനകമാണ്. ബാങ്കുകൾ, ഇൻഷുറൻസ് തുടങ്ങിയ മറ്റ് മേഖലകളിലേക്കും ദേശീയ പെൻഷൻ സമ്പ്രദായം (എൻപിഎസ്) വ്യാപിപ്പിച്ചിട്ടുണ്ട്. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നിർദ്ദേശങ്ങളെ തുടര്‍ന്ന് നടപ്പിലാക്കിയ എൻപിഎസിനെ സിപിഐ തുടക്കം മുതൽ എതിർത്തിരുന്നു. ജീവനക്കാരിൽ നിന്ന് പിരിച്ചെടുക്കുന്ന ദശലക്ഷക്കണക്കിന് കോടി രൂപയും സർക്കാരിന്റെ സംഭാവനയും പിഎഫ്ആർഡിഎ വഴി വിപണിയിലേക്ക് ഒഴുകുന്നു. ഈ നിക്ഷേപങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവും സുരക്ഷയുമില്ല. ജീവനക്കാരുടെ പെൻഷന് കമ്പോളശക്തികളെ ആശ്രയിക്കാനാവില്ല.
“പെൻഷൻ ഒരു ഔദാര്യമല്ല, പെൻഷൻ ഒരു സമ്മാനമല്ല, പെൻഷൻ ഒരു എക്സ്-ഗ്രേഷ്യയല്ല, പെൻഷൻ സർക്കാർ ജീവനക്കാരന്റെ മൗലികാവകാശമാണ്” എന്ന് സുപ്രീം കോടതി നിരവധി വിധിന്യായങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എൻപിഎസ് നടപ്പാക്കി 18 വർഷം പിന്നിടുമ്പോൾ വിരമിച്ചു തുടങ്ങിയ ജീവനക്കാർക്ക് 2000 മുതൽ 4000 രൂപ വരെയുള്ള തുകമാത്രമാണ് പെൻഷനായി ലഭിക്കുന്നത്. എന്നാല്‍ ഇതേ ജീവനക്കാരൻ പഴയ പെൻഷൻ സ്കീമിന് കീഴിലാണെങ്കിൽ, അയാൾക്ക് പ്രതിമാസം 20,000 മുതൽ 30,000 രൂപയിൽ കൂടുതലും വിലക്കയറ്റം നികത്താൻ ക്ഷാമാശ്വാസവും ലഭിക്കും.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാന സർക്കാരുകൾ എൻപിഎസ് പിൻവലിക്കുകയും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുകയും ചെയ്തതില്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് സംതൃപ്തി രേഖപ്പെടുത്തി. 

Eng­lish Sum­ma­ry: The old pen­sion scheme should be restored; CPI

You may like this video also

Exit mobile version