Site iconSite icon Janayugom Online

ഇസ്രായേൽ വംശഹത്യക്ക് പരിഹാരം സ്വതന്ത്ര പലസ്തീൻ രാഷ്ട്രം മാത്രം; പിപി സുനീർ

ലോകരാജ്യങ്ങളെയും മനുഷ്യാവകാശ സംഘടനകളെയും കാഴ്ചക്കാരാക്കിക്കൊണ്ട് ഇസ്രയേൽ ഭരണകൂടംപലസ്തീനിൽ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന നിഷ്ഠൂരമായ വംശഹത്യക്ക് പരിഹാരം സ്വതന്ത്ര പലസ്തീൻ രാഷ്ട്രമാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ അഭിപ്രായപ്പെട്ടു. എ ഐ വൈ എഫ് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച “പലസ്തീൻ ഒരു തുറന്ന ചർച്ച’ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിറന്ന നാട്ടിൽ അഭയാർത്ഥികളാക്കപ്പെട്ട ഒരു ജനതയുടെ അതിജീവന പോരാട്ടത്തെ മനുഷ്യ സ്നേഹികൾ ഒന്നടങ്കം പിന്തുണക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. സാമ്രാജ്യത്വത്തിന്റെ അധിനി വേശ താല്പര്യം സംരക്ഷിക്കുന്നതിനായി ഭീകര വാദത്തെ നിർമ്മിക്കുകയും മറു ഭാഗത്ത് അതേ ഭീകരതക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനം നടത്തുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിക്കുന്നത്. പലസ്തീൻ മോചനത്തിനുവേണ്ടി നിലകൊണ്ട ജനാധിപത്യ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാൻ തങ്ങളുടെ സൈനികശക്തിയും മൂലധനവുമെല്ലാം അമേരിക്ക ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.

മോഡി ഗവൺമെന്റാകട്ടെ രാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നയത്തെ അട്ടിമറിച്ച് കൊണ്ട് പരിഷ്കൃത ലോകത്തിന് അപമാനകരമായ സാമ്രാജ്യത്വ അധിനിവേശത്തെ വെള്ള പൂശുകയാണ് . കാലങ്ങളായി തുടരുന്ന ഇസ്രയേൽ അനുകൂല നിലപാടും വ്യാപാര‑സൈനിക ബന്ധവും ഈ സാഹചര്യത്തിലും തുടരുകയാണെന്നത് രാജ്യത്തിന്നാകമാനം അപമാനമാണെന്നും പിപി സുനീർ ആരോപിച്ചു. എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റ് കണ്ണൻ എസ് ലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആദർശ്കൃഷ്ണ സ്വാഗതം പറഞ്ഞു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ, കവിയും നാടക ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം, എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എസ് ആൻസ്, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം അൽ ജിഹാൻ , എ ഐ എസ് എഫ് ജില്ലാ പ്രസിഡൻ്റ് അബ്ദുല്ല കുട്ടി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം എ ജി അനുജ നന്ദി പറഞ്ഞു.

Exit mobile version