നഗര മേഖലകളിലെ നിരാലംബരുടെ ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ (പിഎംഎവൈയു) പദ്ധതി തകിടം മറിഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായവയില്‍ 46 ശതമാനം വീടുകളും നാളിതുവരെ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അടിസ്ഥാന സൗകര്യ ലഭ്യതക്കുറവ്, വീടുകള്‍ കൈമാറുന്നതിനുള്ള നടപടി ക്രമത്തിലെ വീഴ്ച എന്നിവയാണ് സുരക്ഷിത ഭവനമെന്ന നഗരവാസികളുടെ സ്വപ്നം തല്ലിക്കെടുത്തിയത്. 9.69 ലക്ഷം ഭവനങ്ങളാണ് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നിശ്ചയിച്ചിരുന്നത്. ഇതില്‍ 46 ശതമാനം വീടുകളും പണിപൂര്‍ത്തിയായെങ്കിലും അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുന്നതില്‍ മന്ത്രാലയം പരാജയപ്പെട്ടു. ഇതോടെയാണ് ഗുണഭോക്താക്കള്‍ക്ക് തിരിച്ചടി നേരിട്ടത്. വൈദ്യുതി, സാനിട്ടറി, ഇലക്ട്രിക്ക് വയറിങ്, ശുചിമുറി എന്നിവ ഭൂരിപക്ഷം വീടുകളിലും ലഭ്യമായിട്ടില്ല. പൊതുഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയും ഗുണഭോക്താക്കളെ പദ്ധതിയില്‍ നിന്ന് അകറ്റുന്നുണ്ട്.
2015 ല്‍ മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പിഎംഎവൈയു പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 17. 5 ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതില്‍ 15.65 ലക്ഷം അഫോര്‍ഡബിള്‍ ഹൗസിങ് ഇന്‍ പാര്‍ട്ട്ണര്‍ഷിപ്പ് (എഎച്ച്പി) വ്യവസ്ഥയിലും 1.84 ലക്ഷം വീടുകള്‍ ഇന്‍സിറ്റ് യു റിഹാബിലിറ്റേഷന്‍ (ഐഎസ് എസ്ആര്‍) വ്യവസ്ഥയില്‍ ചേരിയിലെ ഭവനങ്ങള്‍ പുനരുദ്ധരിക്കാനുമായിരുന്നു ലക്ഷ്യമിട്ടത്. ചേരികളില്‍ അധിവസിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സുരക്ഷിത ഭവനം ഒരുക്കുകയായിരുന്നു പദ്ധതി. എന്നാല്‍ അടിസ്ഥാന സൗകര്യക്കുറവും അനുവദിക്കല്‍ വൈകിയതും ലക്ഷക്കണക്കിന് വീടുകള്‍ അനാഥമായി കിടക്കാനിടയാക്കി.
ചേരി പുനരുദ്ധാരണ പദ്ധതിയില്‍ അനുവദിച്ച 1.84 ലക്ഷം യൂണിറ്റുകളിൽ 67,806 എണ്ണം പൂർത്തിയാക്കി. അവയിൽ 70 ശതമാനവും (47,510) ഒഴിഞ്ഞുകിടക്കുന്നതായി ഭവനമന്ത്രാലയ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍ അനുവദിക്കുന്നതില്‍ വരുന്ന കാലതാമസവും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു. മാനദണ്ഡം നിശ്ചയിക്കല്‍, സീനിയോറിട്ടി, ഭരണപരമായ വീഴ്ചകള്‍ എന്നിവയാണ് ഭവനങ്ങള്‍ അനുവദിക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നത്. അടുത്തിടെ പാര്‍ലമെന്ററി സമിതി വിഷയത്തില്‍ ഇടപെട്ട് പൂര്‍ത്തിയായ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനും അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താനും മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സമിതി ശുപാര്‍ശ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം മുതല്‍ രണ്ടാം ഘട്ടമായി പിഎംഎവൈയു 2.0 പദ്ധതിക്കായി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.