കുവൈത്തിൽ 17 കടൽകാക്കകളെ വേട്ടയാടി പിടികൂടിയ പ്രതികളെ പിടികൂടി. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയും എൻവയോൺമെന്റൽ പൊലീസും നടത്തിയ പരിശോധനയിലാണ് ഈ നിയമലംഘനം കണ്ടെത്തിയത്. കാർഷിക‑മത്സ്യസമ്പത്ത് അതോറിറ്റിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപിഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഇവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കടുത്ത നിയമനടപടികൾ സ്വീകരിച്ചതായും ഇപിഎ പബ്ലിക് റിലേഷൻസ് ഡയറക്ടർ ശൈഖ അൽ-ഇബ്രാഹിം അറിയിച്ചു. പിടിച്ചെടുത്ത 17 കടൽകാക്കകളെയും വിദഗ്ധ മൃഗഡോക്ടർമാർ പരിശോധനയ്ക്ക് വിധേയമാക്കി. പക്ഷികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സയന്റിഫിക് സെന്ററുമായി ഏകോപിപ്പിച്ച് ഇവയെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുകയായിരുന്നു.

