Site iconSite icon Janayugom Online

20 വര്‍ഷങ്ങള്‍ക്കപ്പുറം സമാനമായ കൊലപാതകം; പഴുതടച്ച അന്വേഷണത്തില്‍ പ്രതിയെ വലയിലാക്കി പൊലീസ്

പൊരിങ്ങല്‍ക്കുത്ത് കാടാര്‍ കോളനിയിലെ കൊലപാതകത്തിന് സമാനമായ സംഭവത്തിന് ഇരുപത് വർഷങ്ങൾക്കു മുമ്പ് അതിരപ്പിള്ളി വനമേഖല സാക്ഷ്യം വഹിച്ചിരുന്നു. അന്നത്തെ പ്രതി ഗോപാലനെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല. തൊട്ടടുത്ത് വന്യമൃഗങ്ങൾ വിരാജിക്കുന്ന ഘോര വന മേഖലയായതിനാൽ ഈ കേസിലും അത്തരത്തിൽ സംഭവിക്കരുതെന്ന് തീരുമാനിച്ച് അഞ്ച് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. 

സുരേഷ് വനത്തിനുള്ളിൽ കടന്നതായി സ്ഥിരീകരിച്ചിരുന്നതിനാൽ വനംവകുപ്പിലെ ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു പരിശോധന. വനത്തിനുള്ളിലൂടെ പറമ്പിക്കുളത്തേക്കും മംഗലംഡാമിലേക്കും കാടിനുള്ളിൽ ഇയാൾ തങ്ങാനിടയുള്ള സ്ഥലങ്ങളിലേയ്ക്കും കിലോമീറ്ററുകൾ നടന്നാണ് അന്വേഷണ സംഘം സഞ്ചരിച്ചത്. മഴക്കാലമായതിനാൽ വന്യജീവികളുടേയും ക്ഷുദ്രജീവികളുടെയും ആക്രമണമടക്കം നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അന്വേഷണം. സദാ ആയുധം കൈവശം സൂക്ഷിക്കുന്ന അത്യന്തം അപകടകാരിയായ സുരേഷ് വർഷങ്ങൾക്ക് മുൻപ് ചന്ദനമരം മുറിച്ചു കടത്തിയതിന് വനംവകുപ്പ് പിടികൂടാൻ ശ്രമിക്കവേ വനംവകുപ്പ് ഉദ്യോഗസ്ഥനെ വടിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചയാളാണ്. കുപ്രസിദ്ധ ചന്ദനമര കൊള്ളക്കാരായ വീരപ്പൻ ജോയിയുടെ സംഘാംഗമാണ് സുരേഷ്. ഈ കേസിൽ പാലക്കാട് ജയിലിൽ നിന്നു അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്. എട്ടോളം ചന്ദനമരമോഷണക്കേസിലും പന്ത്രണ്ടോളം അടിപിടിക്കേസുകളിലും പ്രതിയാണ് സുരേഷ്.

ഇതിനുമുൻപും ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയം തോന്നി അവരെ ആക്രമിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് മൂന്ന് ദിവസത്തോളം നീണ്ട അന്വേഷണത്തിലാണ് ഘോരവനത്തിനുള്ളില്‍ പ്രതിയെ പിടികൂടിയത്. വനത്തിനുള്ളിൽ പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ സുരേഷ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് അതിസാഹസീകമായി പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും മറ്റു നടപടിക്രമങ്ങൾക്കും ശേഷം കോടതിയിൽ ഹാജരാക്കും. 

Eng­lish Sum­ma­ry: The police have caught the sus­pect in a botched inves­ti­ga­tion after 20 years

You may also like this video

Exit mobile version