പത്തൊൻപതു വയസുകാരനെ പെൺസുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊന്നത് ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ്. ഇരവിപുരം സ്വദേശികളായ 18 വയസുള്ള പെൺകുട്ടിയും 19 കാരനായ അരുണും തമ്മിലുള്ള പ്രണയം പെൺകുട്ടിയുടെ അച്ഛൻ പ്രസാദ് എതിർത്തു. പലപ്രാവശ്യം പ്രണയം വിലക്കിയിട്ടും തുടർന്നതാണ് വിരോധമായത്.
അരുണും പ്രസാദിന്റെ മകളും തമ്മിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് പ്രണയത്തിലാകുന്നത്. വീട്ടുകാരറിഞ്ഞതിനു ശേഷം ഏറെനാളായി തർക്കവും ഭീഷണിയും പൊലീസ് സ്റ്റേഷനിൽ പരാതിയുമൊക്കെയായിരുന്നു. കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ പിതാവ് ബന്ധുവിന്റെ വീട്ടിൽ ആക്കിയിരുന്നു. അരുൺ ഇവിടെ എത്തി പെൺകുട്ടിയെ കണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. കൊലപാതകം നടന്ന വെളളിയാഴ്ച മദ്യലഹരിയിൽ പ്രസാദ് അരുണിനെ കുരീപ്പുഴയിലെ ഇരട്ടക്കടയിലെ പ്രസാദിന്റെ ബന്ധുവീട്ടിലേക്ക് വിളിച്ചുവരുത്തി. “മകളെ കൂട്ടിക്കൊണ്ടുപോകുന്ന പ്രശ്നം പരിഹരിക്കാമെന്ന്” പറഞ്ഞായിരുന്നു വിളിച്ചുവരുത്തിയത്.
വീട്ടിലെത്തിയ അരുണും പ്രസാദും തമ്മിൽ അടിപിടിയുണ്ടായി. ഇതിനിടെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പ്രസാദ് അരുണിനെ കുത്തി. ശ്വാസകോശത്തിൽ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. അരുണിനൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരൻ ആൾഡ്രിനെയും പ്രസാദ് കൊല്ലാൻ ശ്രമിച്ചു. ഓടി മാറിയതിനാൽ ആൾഡ്രിൻ രക്ഷപ്പെട്ടു. അരുണുമായുള്ള സംഘർഷത്തിൽ പ്രസാദിന്റെ പല്ലും കൊഴിഞ്ഞു. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ജാതിമത കാര്യങ്ങളെച്ചൊല്ലി തർക്കമൊന്നും ഉണ്ടായിട്ടില്ലെന്നും ദുരഭിമാനക്കൊലയല്ലെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ അച്ഛൻ പ്രസാദിനെ കോടതി റിമാൻഡ് ചെയ്തു.