മോഷ്‌ടിക്കാനായി വീടിനുള്ളിൽ കയറി പെട്ടുപോയ കള്ളന്മാരെക്കുറിച്ച് കേട്ടിട്ടില്ലേ? അത്തരത്തിലൊരു കള്ളന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. വീട്ടിൽ ആളില്ലാത്ത സമയം അടുക്കള ഭിത്തിയിൽ എക്‌സ്‌ഹോസ്‌റ്റ് ഫാൻ സ്ഥാപിച്ചിരിക്കുന്ന ദ്വാരത്തിലൂടെ അകത്തുകടക്കാനായിരുന്നു പദ്ധതി. പക്ഷേ ഇടയ്‌ക്കൊന്ന് പാളി. അകത്തേക്ക് കടക്കുന്നതിനിടയിൽ ദ്വാരത്തിനുള്ളിൽ ശരീരം കുടുങ്ങി. അനങ്ങാൻ പറ്റാത്ത അവസ്ഥയായി. ഇതോടെ ഒപ്പമുണ്ടായിരുന്ന കൂട്ടാളി ഓടി രക്ഷപ്പെട്ടു. മണിക്കൂറുകളോളം കള്ളൻ അവിടെ കുടുങ്ങിക്കിടന്നു.
സംഭവസമയം വീട്ടുടമയായ സുരേഷ് റാവത്തും ഭാര്യയും ഖതുശ്യാംജിയിലേക്ക് പോയിരിക്കുകയായിരുന്നു. പിറ്റേ ദിവസം പുലർച്ചെ ഒരു മണിക്ക് മടങ്ങിവന്നപ്പോഴാണ് അടുക്കളഭിത്തിയിലെ എക്‌സ്‌ഹോസ്‌റ്റ് ഫാനിന്റെ ദ്വാരത്തിൽ കള്ളൻ കുടുങ്ങിക്കിടക്കുന്നത് കാണുന്നത്. പകുതിഭാഗം പുറത്തും ബാക്കി പകുതി അകത്തും എന്ന നിലയിലായിരുന്നു കള്ളന്റെ അവസ്ഥ. വിവരം അറിഞ്ഞ് നാട്ടുകാർ എത്തിയതോടെ പ്രദേശത്ത് വലിയ തിരക്കായി.പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. മൂന്നുപേർ വീടിന് ഉള്ളിൽ നിന്ന് ഇയാളെ താങ്ങിപ്പിടിക്കുന്നതും മറ്റൊരാൾ പുറത്ത് നിന്നും വടി ഉപയോഗിച്ച് ഇയാളുടെ ശരീരം കുത്തി വിടുന്നതും വീഡിയോയിലുണ്ട്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്.
ഒപ്പമുണ്ടായിരുന്ന കൂട്ടാളിയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. പ്രദേശത്തെ മറ്റ് മോഷണക്കേസുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറയുന്നു. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായി പൊലീസ് സ്‌റ്റിക്കർ പതിച്ച കാറിലാണ് പ്രതികൾ എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

