രാജ്യത്ത് നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാനാണ് ബിജെപി സർക്കാർ പരിശ്രമിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ പറഞ്ഞു. സി പി ഐ (എം) പാർട്ടി കോൺഗ്രസിൻ്റ ഭാഗമായി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ എ കെ ജി നഗറിൽ കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ പോലും നടപ്പാക്കാത്ത നയങ്ങളാണ് കേന്ദ്രത്തിന്റേത്. രാജ്യത്തെ ചെറുതും വലുതുമായ എല്ലാ പാർട്ടികളും ഐക്യപ്പെട്ടാൽ മാത്രമേ നമ്മടെ ഫെഡറലിസത്തെ സംരക്ഷിക്കാൻ കഴിയൂ. കേരളത്തിലെ ഇടതുപക്ഷ സർക്കാർ രാജ്യത്തിനു തന്നെ മാതൃകയാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള തന്റെ ബന്ധം തന്റെ പേര് തന്നെയാണെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധമാണ് തനിക്കുള്ളത്. പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ത്യാഗത്തിന്റെ ഭൂമിയാണ്. ജനാധിപത്യ സര്‍ക്കാരിനെ ആദ്യമായി കേന്ദ്രം പിരിച്ചുവിട്ടത് കേരളത്തിലാണെന്നും തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെ കേന്ദ്രം രണ്ട് തവണ പിരിച്ചുവിട്ടുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഭരണത്തില്‍ കേരള മുഖ്യമന്ത്രി തനിക്ക് വഴികാട്ടിയാണ്. സെമിനാറില്‍ പങ്കെടുക്കുന്നത് നിങ്ങളില്‍ ഒരാളായാണ്. ആവേശത്തോടെയാണ് സെമിനാറിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യത്യസ്‌ത ഭാഷയും സംസ്‌കാരങ്ങളും നിലനിൽക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷതയെന്നും, ഇത്തരം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ് ജനാധിപത്യമെന്നും സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കാനാവില്ല. ഭരണഘടനയിൽ വ്യത്യസ്‌ത ഭാഷകൾക്ക് അതിന്റേതായ പ്രാധാന്യം നൽകിയിട്ടുണ്ട്. ഫെഡറൽ സംവിധാനങ്ങളെ അംഗീകരിക്കാതിരിക്കുക എന്നത് സംഘ്‌പരിവാർ അജണ്ടയാണ്. ഭാഷയെ തകർത്താൽ രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാം. ഏകശിലാരൂപത്തിലേക്ക് മാറ്റാമെന്നും അവർ കരുതുന്നു. ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കമാണിത്. ദേശീയ ഭാഷ എന്ന നിലയിൽ ഹിന്ദിയെ അംഗീകരിക്കുന്നു. അതുകൊണ്ടാണ് നമ്മൾ സ്‌കൂളുകളിൽ ഹിന്ദി പഠിപ്പിക്കുന്നത്. എന്നാൽ അത് അടിച്ചേൽപ്പിക്കാൻ പുറപ്പെട്ടാൽ അംഗീകരിക്കാനാവില്ല. പ്രാദേശിക ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കുന്നതാണ് ഈ നീക്കം. ഭാഷ ജീവന്റെ സ്‌പന്ദനം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കാന്‍ ഉപദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞത് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കണം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കില്‍ തള്ളിപ്പറയരുതെന്നും കെ വി തോമസ് പറഞ്ഞു.
പിണറായി കേരളത്തിന്റെ അഭിമാനമാണ്. പിണറായി നല്ല മുഖ്യമന്ത്രിയാണ്. കോവിഡിനെ ഏറ്റവും നന്നായി നേരിട്ട സംസ്ഥാനമാണ് കേരളം. കോവിഡിലെ കേന്ദ്രസമീപനം നമ്മള്‍ കണ്ടതാണെന്നും കെ വി തോമസ് പറഞ്ഞു.
കെ റെയില്‍ സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിയാണ്. വികസനത്തിനായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ റെയിലിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടത്, പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലക്ക് ലംഘിച്ചാണ് കെ വി തോമസ് സെമിനാറിൽ പങ്കെടുത്തത്. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെമിനാറിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു.
English Summary: The policies of the Center were not even implemented by the British: M K Stalin
You may like this video also