Site iconSite icon Janayugom Online

ജനകീയനായ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് സഹപ്രവർത്തകരുടെയും വിദ്യാർത്ഥിനികളുടെയും കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി

ജനകീയനായ വിദ്യാഭ്യാസ ഉപ ഡയറക്ടർ ബാബു സാറിന് സഹപ്രവർത്തകരുടെയും വിദ്യാർത്ഥിനികളുടെയും കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി.
ജോലി ചെയ്തിരുന്ന ചേർത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും , ചേർത്തല ഗവ . ഗേൾസ്ഹൈസ്കൂളിലും പൊതുദർശനത്തിന് വച്ചപ്പോൾ പലരും വിങ്ങി പൊട്ടുന്നുണ്ടായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം ആംബുലൻസിൽ കൊണ്ടുവന്നപ്പോൾ സഹപ്രവർത്തകർക്കും പഠിപ്പിച്ച വിദ്യാർത്ഥിനികൾക്കും സങ്കടം അടക്കിവെയ്ക്കാനായില്ല. തുടർന്ന് ഗവ. ഗേൾ സ് എച്ച്എസ്എസിലും പൊതുദർശനത്തിന് എത്തിച്ചു. മൂന്ന് വർഷത്തോളം ചേർത്തല ഗവ. ഗേൾ സ് എച്ച്എസ്എസ് പ്രഥമാധ്യാപകനായിരുന്ന ബാബു സാറിനെ കുറിച്ച് പറയാൻ വിദ്യാർത്ഥിനികൾക്ക് നൂറ് നാവാണ്. എല്ലാ കാര്യങ്ങളിലും സാറിൻ്റെ ഇടപെടൽ ഉണ്ടാകും. സ്വന്തം ഒരു ജേഷ്ഠൻ , അല്ലെങ്കിൽ പിതൃതുല്ല്യൻ ഇങ്ങനെയൊക്കെയാണ് ബാബുസാറിനെ കണ്ടിരുന്നത്. കൊടുങ്ങല്ലൂർ ഗവർമെൻ്റ്
ഹൈസ്കൂളിൽ നിന്നാണ് ചേർത്തല ഗേൾസ്ഹൈസ്കൂളിൽ എത്തിയത്. കുട്ടികളുടെ പഠന നിലവാരത്തിനും പഠനസൗകര്യം വർദ്ധിപ്പിക്കാൻ കെട്ടിടങ്ങളും ഇരിപ്പിടങ്ങളും നവീകരിക്കാൻ മുൻകൈ എടുത്തു. ഇതിനായി തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രത്യേക ഇടപെടൽ നടത്തിയതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു വർഷ മായി ചേർത്തല വിദ്യാഭ്യാസ ഉപ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് തളിയാപറമ്പ് ആനപ്പറമ്പിൽ എ എസ് ബാബു (54) ഇന്നലെ സായാഹ്ന സവാരിക്കിടെ രാത്രി ഏഴരയോടെ വീടിനടുത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഓടി കൂടിയവരും ബന്ധുക്കളും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന്ശേഷം വീട്ട് വളപ്പിൽ സംസ്കരിച്ചു. ഭാര്യ: മിനി. മക്കൾ: അരവിന്ദ് ബാബു, അഭിനവ് ബാബു.

Exit mobile version