Site icon Janayugom Online

രാജ്യത്ത് അരിവില കുത്തനെ കുതിക്കും

ഖാരിഫ് വിളവെടുപ്പിലുണ്ടാകുന്ന ഇടിവിനെ തുടര്‍ന്ന് അരിവില കുത്തനെ കുതിച്ചേക്കും. കൃഷിനിലങ്ങളുടെ കുറവ്, കാലാവസ്ഥാ വ്യതിയാനം, വിളകള്‍ക്കുണ്ടായ രോഗങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഖാരിഫ് വിളവെടുപ്പിനെ ബാധിച്ചിരിക്കുന്നത്.
60–70 ലക്ഷം ടണ്‍ വരെ അരി ഉല്പാദനത്തില്‍ കുറവുണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയില്‍ വിലവര്‍ധവ് പണപ്പെരുപ്പ സമ്മർദ്ദം വര്‍ധിപ്പിക്കും. രാജ്യത്തെ അരി ഉല്പാദനത്തിന്റെ 85 ശതമാനം വഹിക്കുന്ന ഖാരിഫ് സീസണിലെ ഇടിവ് വിപണിയെ ആകെ പ്രതികൂലമായി ബാധിക്കും.
ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിലവര്‍ധന ചില്ലറ വിലക്കയറ്റത്തില്‍ മൂന്ന് മാസമായി തുടരുന്ന ഇടിവിനെ തിരിച്ചടിക്കും. മൊത്തവില പണപ്പെരുപ്പവും കഴിഞ്ഞ 11 മാസത്തെ ഏറ്റവും കുറഞ്ഞനിലയിലാണ്. എന്നാല്‍ ഇപ്പോഴും രണ്ടക്കത്തിന് മുകളില്‍ തന്നെയാണ് മൊത്തവില പണപ്പെരുപ്പം.
2021–22 ലെ ജൂണില്‍ അവസാനിക്കുന്ന വിള വര്‍ഷത്തില്‍ 130.29 ദശലക്ഷം ടണ്ണിന്റെ അരി ഉല്പാദനമാണ് ഇന്ത്യയിലുണ്ടായത്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 124.37 ആയിരുന്നു. 60 മുതല്‍ 70 ലക്ഷം വരെ ടണ്ണിന്റെ കുറവാണ് ഭക്ഷ്യമന്ത്രാലയം പ്രവചിക്കുന്നത്.
ആഗോള അരി വ്യാപാരത്തിന്റെ 40 ശതമാനമാണ് ഇന്ത്യയുടെ സംഭാവന. 2021–22 സാമ്പത്തിക വര്‍ഷം 21.23 ദശലക്ഷം ടണ്‍ ആണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് 17.78 ദശലക്ഷം ടണ്‍ ആയിരുന്നു. 2019–20 വര്‍ഷം ഇത് 9.51 ദശലക്ഷം ടണ്‍ ആയിരുന്നു.
ഖാരിഫ് വിളനിലത്തില്‍ 4.52 ശതമാനം കുറവാണുണ്ടായത്. കഴിഞ്ഞവര്‍ഷം 417.93 ലക്ഷം ഹെക്ടറില്‍ ഉല്പാദനം നടത്തിയിടത്ത് ഇക്കുറി 399.03 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങിയെന്ന് 16ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജാര്‍ഖണ്ഡില്‍ 9.37, മധ്യപ്രദേശ് 6.32, പശ്ചിമബംഗാള്‍ 3.65, ഉത്തര്‍പ്രദേശ് 2.48, ബിഹാര്‍ 1.97 ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് കൃഷി കുറഞ്ഞത്.
പഞ്ചാബില്‍ മുരടിപ്പ് രോഗം 34,000 ഹെക്ടര്‍ പ്രദേശത്തെ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. മൊഹാലി, പത്താന്‍കോട്ട്, ഗുര്‍ദാസ്പുര്‍, ലുധിയാന, പട്ട്യാല, ഹൊഷിയാര്‍പുര്‍, എന്നിവിടങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത്. 30.84 ലക്ഷം ഹെക്ടറിലാണ് പഞ്ചാബില്‍ ഖാരിഫ് കൃഷി നടക്കുന്നത്. രോഗബാധയെ തുടര്‍ന്ന് വിളകള്‍ പൂര്‍ണമായും നശിക്കുകയോ സാധാരണ ചെടികളേക്കാള്‍ മൂന്നിലൊന്ന് വളര്‍ച്ച മുരടിക്കുകയോ ചെയ്ത നിലയിലാണ്. 

Eng­lish Sum­ma­ry; The price of rice in the coun­try will jump sharply

You may like this video also

Exit mobile version