Site icon Janayugom Online

പ്രമേഹ രോഗികളുടെ ഗുളികയുടെ വില കുറയും; 45ല്‍ നിന്നും 8 രൂപയിലേക്ക്

പേറ്റന്റ് ഇല്ലാതാകുന്ന സാഹചര്യത്തില്‍ പ്രമേഹ ചികിത്സയില്‍ വ്യാപകമായി ഉപയോഗപ്പെടുന്ന സിറ്റാഗ്ലിപ്റ്റിന്‍ ഗുളികയുടെ വില മൂന്നിലൊന്നായി കുറയുന്നു. ചില്ലറവിപണിയില്‍ നിലവില്‍ 38 മുതല്‍ 45 രൂപ വരെയാണ് വില. ഇതിന് 8 രൂപ മുതല്‍ 21 രൂപ വരെ ആയി വില കുറയും. പേറ്റന്റ് കാലാവധി തീരുന്നതു കണക്കിലെടുത്ത് ഉല്‍പാദകരായ യുഎസിലെ മെര്‍ക്ക് ഇതിന്റെ ജെനറിക് രൂപം പുറത്തിറക്കിയിരുന്നു. പിന്നാലെ, ഇന്ത്യയില്‍ ഗ്ലെന്‍മാര്‍ക്കും ജെനറിക് മരുന്ന് അവതരിപ്പിച്ചു. സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ്, ജെബി കെമിക്കല്‍സ് തുടങ്ങി കൂടുതല്‍ കമ്പനികള്‍ ഇതു കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കുമെന്നു അറിയിച്ചിട്ടുണ്ട്. വരുന്ന ആഴ്ച മുതല്‍ ഇവ വിപണിയിലെത്തി തുടങ്ങും.

ഇന്‍സുലിന്റെ അളവ് കുറയുകയോ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ കോശങ്ങള്‍ക്കു പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരുകയോ ചെയ്യുന്ന ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയിലാണ് ഇതു നല്‍കുന്നത്. മറ്റു മരുന്നുകളോടു ശരിയായി പ്രതികരിക്കാതിരിക്കുക, പാര്‍ശ്വഫലം ഉണ്ടാകുക തുടങ്ങിയ ഘട്ടങ്ങളിലും ഇതു നിര്‍ണായകമാണ്. മെര്‍ക്ക് വികസിപ്പിച്ച മരുന്നിന് 2006ലാണ് യുഎസില്‍ അനുമതി ലഭിച്ചത്. രക്താതിസമ്മര്‍ദം ഉയര്‍ന്നതു താഴ്ത്തിക്കൊണ്ടുവരാനുള്ള ശരീരത്തിന്റെ സ്വന്തം ശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകളുടെ കൂട്ടത്തിലാണ് ഇതുള്ളത്.

സിറ്റാഗ്ലിപ്റ്റിന്‍, മെറ്റ്‌ഫോര്‍മിന്‍ എന്നിവ സംയുക്ത ഗുളികയാക്കി മെര്‍ക്ക് നേരത്തേ വിപണിയിലെത്തിച്ചിരുന്നു. മെര്‍ക്കുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സും മരുന്നു സംയുക്തം ഇന്ത്യയില്‍ നല്‍കിയിരുന്നു.

Eng­lish sum­ma­ry; The price of the pill for dia­bet­ic patients will decrease; 45 to 8 Rs

You may also like this video;

Exit mobile version