രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച കഠ്‌വ പീഡനക്കേസ് പ്രതി ബിജെപിയില്‍ ചേര്‍ന്നു. മുഖ്യപ്രതിയായ അങ്കൂര്‍ ശര്‍മ്മയാണ് കാവിപ്പാര്‍ട്ടിയില്‍ ചേര്‍ന്നത്. താന്‍ സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ ഏകം സന്‍സ്താന്‍ ഭാരത് ദള്‍ ബിജെപിയില്‍ ലയിക്കുന്നതായി അങ്കൂര്‍ പറഞ്ഞു.
ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയാണ് പീഡനക്കേസിലെ പ്രതിയും കൂട്ടാളികളും ബിജെപിയില്‍ ചേര്‍ന്നത്. 2018ലാണ് കോളിളക്കം സൃഷ്ടിച്ച കഠ‌്‌വ പീഡനം അരങ്ങേറിയത്. ബക്കര്‍വാല സമുദായാംഗമായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു അങ്കൂര്‍ ശര്‍മ്മ.
പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെളിവില്ലെന്ന കാരണത്താല്‍ വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടു. മുസ്ലിം ഗുജ്ജറുകളും ബക്കര്‍വാലകളും ഭൂമി ജിഹാദ് നടത്തുകയാണെന്നും ഇവരുടെ ന്യൂനപക്ഷ പദവി റദ്ദാക്കണമെന്നും പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് അങ്കൂര്‍. സംസ്ഥാനത്തെ മൂന്നായി വിഭജിച്ച് ജമ്മുവിനെ പ്രത്യേക സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ഇയാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ താഴ്‌വരയെ വിഭജിച്ച് കശ്മീരി പണ്ഡിറ്റുകള്‍ക്ക് പ്രത്യേക കേന്ദ്രഭരണ പ്രദേശം സ്ഥാപിക്കണമെന്നും ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു.