Site iconSite icon Janayugom Online

പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

സ്വാതന്ത്ര്യ ലബ്ധിയുടെ 75ാം വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് വ്യോമസേനാ ഹെലികോപ്ടറുകള്‍ ചെങ്കോട്ടയില്‍ പുഷ്പവൃഷ്ടി നടത്തി. ചരിത്രത്തിലാദ്യമായി ഇത്തവണ സെറിമോണിയല്‍ 21-ഗണ്‍ സല്യൂട്ടിന് തദ്ദേശീയമായി നിര്‍മിച്ച ഹോവിറ്റ്സര്‍ തോക്കുകളാകും ഉപയോഗിക്കുക. ഡിആര്‍ഡിഒ വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടോഡ് ആര്‍ടില്ലറി ഗണ്‍ സിസ്റ്റം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രധാന ഉത്പന്നങ്ങളിലൊന്നാണ്.

2020ല്‍ കോവിഡ് വ്യാപിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്ന് 7000 പേര്‍ ക്ഷണിതാക്കളായുണ്ടാകും. എന്‍സിസിയുടെ സ്പെഷ്യല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 ഇടങ്ങളില്‍ നിന്നായി 127 കേഡറ്റുകളാണ് എത്തിയിരിക്കുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നുദിവസമായി കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനനഗരം.

ചെങ്കോട്ട പുറത്തുനിന്ന് കാണാന്‍ കഴിയാത്തവിധം ഒരാഴ്ചമുമ്പുതന്നെ ലോഹപ്പലക നിരത്തി മറച്ചു. ഞായറാഴ്ച രാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ചെങ്കോട്ടയ്ക്കുചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍എസ്ജി കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണക്യാമറകളും ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാവിഭാഗങ്ങളെയും വിന്യസിച്ചു. ചെങ്കോട്ടയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.പരിസരങ്ങളിലെ 1000 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ഓരോ നിമിഷവും നിരീക്ഷിക്കുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

Eng­lish sum­ma­ry; The Prime Min­is­ter hoist­ed the nation­al flag at the Red Fort

You may also like this video;

Exit mobile version