Site iconSite icon Janayugom Online

നിർമാതാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നു; ​അഭിനേതാക്കളായ ദമ്പതികൾക്കെതിരെ കേസ്

ബം​ഗാളി നിർമാതാവിൽ നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിൽ ​ഗോവയിൽ അഭിനേതാക്കളായ ദമ്പതികൾക്കെതിരെ കേസെടുത്ത് പൊലീസ്. ബംഗാളി ടെലിവിഷൻ സീരിയൽ നിർമാതാവ് ശ്യാം സുന്ദർ ദേയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തുവെന്നാരോപിച്ച് ടെലിവിഷൻ താര ദമ്പതികളായ പൂജ ബാനർജിക്കും കുനാൽ വർമ്മയ്ക്കുമെതിരെ ഗോവ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥർ ശനിയാഴ്ച അറിയിച്ചു.

ദേയുടെ ഭാര്യ മാളബികയുടെ പരാതിയിൽ ജൂൺ 12 ന് കൊൽക്കത്തയിലെ പനാഷെ പൊലീസ് സ്റ്റേഷനിൽ ദമ്പതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. നോർത്ത് ഗോവയിലെ കലാൻഗുട്ട് പൊലീസിന്റെ അധികാരപരിധിയിലാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടുപോകൽ, ആക്രമണം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ദമ്പതികൾക്കും സുഹൃത്തുക്കൾക്കുമെതിരെ ഗോവ പൊലീസ് കേസെടുത്തത്. മൊഴി രേഖപ്പെടുത്തുന്നതിനായി നിർമാതാവിനോട് ഗോവ പൊലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ബാനർജിയുമായും വർമ്മയുമായും തങ്ങൾക്ക് കുടുംബബന്ധമുണ്ടെന്നും കുനാൽ വർമ്മ ദേയുടെ പുതിയ ബിസിനസ് പ്രോജക്റ്റിന് ധനസഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും എഫ്ഐആറിൽ മാളബിക പറയുന്നു.

മെയ് 31 നാണ് തിരക്കഥ എഴുതാനായി ഗോവയിൽ എത്തിയ ശ്യാം സുന്ദർ ദേയെ ദമ്പതികൾ തട്ടിക്കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നു. തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ എത്തിച്ച ശേഷം ​ശ്യാമിനെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായും മാളബിക എഫ്ഐആറിൽ പറയുന്നു. 64 ലക്ഷം രൂപ നൽകിയില്ലെങ്കിൽ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത പ്രതികൾ സംവിധായകന്റെ സ്വകാര്യ വിവരങ്ങളും പാസ്‌വേഡുകളും ബലമായി ചോർത്തി, അവ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറിൽ പറയുന്നു. പ്രതികൾ നിർമാതാവിൽ നിന്ന് ഏകദേശം 23 ലക്ഷം രൂപ തട്ടിയെടുത്തതായും എഫ്ഐആറിൽ പറയുന്നു. അതേസമയം നിർമാതാവിന്റെ ആരോപണങ്ങൾ ദമ്പതികൾ നിഷേധിച്ചു.

Exit mobile version