Site icon Janayugom Online

പ്രതിഷേധം ഫലംകണ്ടു, ബ്രിജ് ഭൂഷണ് തിരിച്ചടി: ഗുസ്തി ഫെഡറേഷ​നെ സസ്​പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

sanjay singh

ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ മുട്ടുമടക്കി. ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് പക്ഷം വിജയിച്ചതിന് പിന്നാലെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭരണ സമിതി കേന്ദ്ര കായിക മന്ത്രാലയം സസ്‌പെന്റ് ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി മുൻ ഭാരവാഹികളുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായിയായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഗുസ്തി ഫെഡറേഷന്റെ കമ്മിറ്റി ‘നിയമപരവും നടപടിക്രമപരവുമായ മാനദണ്ഡങ്ങള്‍ ലംഘിച്ചു’ എന്ന് കായിക മന്ത്രാലയം കുറ്റപ്പെടുത്തി.

സഞ്ജയ് സിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് മൂന്നു ദിവസം പിന്നിടുമ്പോഴാണ് നടപടി. മുന്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനും ബ്രിജ്ഭൂഷനെതിരായ കേസിലെ പ്രധാന സാക്ഷിയുമായ അനിത ഷിയോറനെയാണ് സഞ്ജയ് സിങ് തോല്പിച്ചത്. പിന്നാലെ സഞ്ജയ് സിങ് ബ്രിജ്ഭൂഷന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിജ്ഭൂഷനെയും അടുപ്പക്കാരെയും മാറ്റിനിര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും വനിതാ താരങ്ങള്‍ക്ക് സുരക്ഷയില്ലെന്നും ചൂണ്ടിക്കാട്ടി പ്രമുഖ താരങ്ങള്‍ പ്രതിഷേധം പുനരാരംഭിച്ചിരുന്നു. ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക് കായികരംഗത്തുനിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ മറ്റൊരു താരം ബജ്റംഗ് പുനിയ തന്റെ പത്മശ്രീ പുരസ്കാരം തിരികെ നല്‍കി പ്രതിഷേധിച്ചു. സാക്ഷി മാലിക്കിനും രാജ്യത്തെ പെണ്‍മക്കള്‍ക്കുമായി പത്മശ്രീ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിരേന്ദര്‍ സിങ് യാദവും പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയേറിയതോടെ മറ്റു മാർഗമില്ലാതായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

കൂടുതൽ താരങ്ങൾ ഇത്തരത്തിലുള്ള പ്രതിഷേധത്തിനൊരുങ്ങുന്നുവെന്ന് സൂചന ലഭിച്ചതോടെയാണ് കായികമന്ത്രാലയം നിർണായകമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്, ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിന്റെ നാടായ ഗോണ്ടയില്‍ വച്ച് അണ്ടര്‍-15, അണ്ടര്‍-20 ട്രയല്‍സ് നടത്താനുള്ള നീക്കം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ സസ്പെന്‍ഷന്‍. പുതിയ പ്രസിഡന്റിന്റെ തീരുമാനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും ഗുസ്തി താരങ്ങളെ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഗുസ്തി സംഘടനയുടെ ഭരണം നടക്കുന്നത് മുന്‍ സമിതി അംഗങ്ങളുടെ മേല്‍നോട്ടത്തിലാണ്. ഈ സമിതിയുടെ അധ്യക്ഷന്‍ ലൈംഗിക പീഡനാരോപണം നേരിടുന്നുണ്ട്. അതിന്റെ കേസ് കോടതിയില്‍ നടക്കുകയാണെന്നും കായിക മന്ത്രാലയം പറഞ്ഞു. ദേശീയ ഗുസ്തി ഫെഡറേഷനിലെ സ്വേച്ഛാധിപത്യ പ്രവണതകള്‍ സദ്ഭരണ തത്വങ്ങള്‍ക്ക് വിരുദ്ധവും സുതാര്യതയും ശരിയായ നടപടിക്രമവും ഇല്ലാത്തതുമാണെന്ന് മന്ത്രാലയം പറഞ്ഞു.

കായിക താരങ്ങള്‍, പങ്കാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാൻ സുതാര്യതയും ഉത്തരവാദിത്തവും നിര്‍ണായകമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഉടനെ നീക്കില്ലെന്ന രാജ്യാന്തര ഫെഡറേഷന്‍ യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ്ങിന്റെ (യുഡബ്ല്യുഡബ്ല്യു) തീരുമാനവും സമ്മര്‍ദമായി. വനിതാ താരങ്ങള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്താതെ ഡബ്ല്യുഎഫ്ഐക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന് യുഡബ്ല്യുഡബ്ല്യു അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാത്തതിന്റെ പേരിലാണ് ഓഗസ്റ്റില്‍ ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇക്കാരണത്താല്‍ രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് രാജ്യത്തിന്റെ പതാകയ്ക്ക് കീഴില്‍ മത്സരിക്കാന്‍ സാധിച്ചിരുന്നില്ല.

 

പുതിയ സമിതി രൂപീകരിക്കണം

ഗുസ്തി ഫെഡറേഷന് പുതിയ ഭരണസമിതി രൂപീകരിക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനോട് (ഐഎഒ) കേന്ദ്ര സര്‍ക്കാര്‍. ഗുസ്തി താരങ്ങളുടെ തെരഞ്ഞെടുപ്പ്, സംഘാടനം എന്നിവ താല്‍ക്കാലിക സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് കായിക യുവജന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി തരുണ്‍ പരീഖ് കത്തില്‍ ആവശ്യപ്പെട്ടു. ഫെഡറേഷന്‍ പിരിച്ചുവിട്ടതു കാരണം താരങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ പാടില്ല. പകരം ഒളിമ്പിക്സ് അസോസിയേഷന്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: The protest got results, Brij Bhushan retal­i­at­ed: the Union Sports Min­istry sus­pend­ed the wrestling federation

You may also like this video also

Exit mobile version