Site iconSite icon Janayugom Online

‘ജന്മം നൽകിയതിനുള്ള ശിക്ഷ’; രക്തം പുരണ്ട കയ്യുമായി ആഷിഖ് നാട്ടുകാരോട്

തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്കു നൽകിയതെന്ന് അരുംകൊലയുടെ കാരണം ചോദിച്ചവരോടെ മകൻ ആഷിഖ്. അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) ആണ് കൊല്ലപ്പെട്ടത്. മകൻ മുഹമ്മദ് ആഷിഖിനെ(25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസുഖബാധിതയായി സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്ന സുബൈദയെ അവിടെയെത്തിയാണ് മകൻ കൊലപ്പെടുത്തിയത്.

തേങ്ങ പൊളിക്കാനാണെന്നു പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടിൽ നിന്നു വാങ്ങിയ കൊടുവാൾ ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്നു നാട്ടുകാർ പറഞ്ഞു. ലഹരിമരുന്നിന് അടിമയാണ് ഇയാളെന്നാണ് കുടുംബം പറയുന്നത്. പലതവണ ഡി–അഡിക്‌ഷൻ സെന്ററുകളിൽ ഇയാളെ പ്രവേശിപ്പിച്ചിരുന്നു. 

സുബൈദ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു ശേഷം സഹോദരി പുതുപ്പാടി ചോയിയോട് ആദിൽ മൻസിൽ ഷക്കീലയുടെ വീട്ടിൽ ഒന്നര മാസം മുൻപാണ് എത്തിയത്. ഷക്കീല ജോലിക്കു പോയിരുന്നതിനാൽ അക്രമം നടന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പ്രതി മുൻപും ഉമ്മയ്ക്കു നേരെ അതിക്രമങ്ങൾ കാണിച്ചിരുന്നു. രണ്ടു മൂന്നു ദിവസമായി വീട്ടിൽ എത്താതിരുന്നത് ഉമ്മ ചോദ്യം ചെയ്തതാണു പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമായി പ്രതി പൊലീസിനോടു പറഞ്ഞത്.

Exit mobile version