Site icon Janayugom Online

റേപ്പിസ്റ്റ് പറയുന്നത് പീഡകരുടെ കഥമാത്രമല്ല…

റാഗിങ് എന്ന മാനസിക വൈകല്യത്തിലൂടെ കോളജുകളിലേക്ക് ഒരോ വര്‍ഷവും വരുന്ന പുതുമുഖങ്ങളെ ഭയപ്പെടുത്തുമ്പോള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് റാഗിങ്ങിനിരയായവര്‍ അടുത്ത വര്‍ഷമെത്തുന്ന നവാഗതരെ റാഗിങ്ങിനിരയാക്കാതെയിരിക്കുന്നുണ്ടോ ?… ഇല്ല അതൊരു മുറിയാത്ത ചങ്ങലയായി ഓരോ തലമുറയും കൈമാറി പോകുന്നു. തങ്ങളനുഭവിച്ച വേദനയും സങ്കടങ്ങളും മറ്റുള്ളവരിലേക്ക് അവസരത്തിനൊത്ത് അടിച്ചേല്‍പ്പിക്കുന്ന വികലമായ, വികൃതമായ ചിന്താഗതിയുടെ മറ്റൊരു അദ്ധ്യായമാണ് പീഡനത്തിനിരകളാക്കപ്പെട്ടവര്‍ പീഠകരായി മാറുന്നതിലൂടെ സംഭവിക്കുന്നത്. വേദനിപ്പിക്കുന്ന കുട്ടിക്കാലവും നേരിട്ട ചൂഷണങ്ങളും മാനസികമായി വികൃതമാക്കപ്പെട്ട ചിന്താഗതികള്‍ സമ്മാനിക്കുമ്പോള്‍ സമൂഹത്തില്‍ കുറ്റവാളികള്‍ രൂപപ്പെടുകയാണ്. അതിന്റെ ഭവിഷ്യത്തുക്കള്‍ പലപ്പോഴും അനുഭവിക്കേണ്ടി വരുന്നത് സ്വതന്ത്ര വീക്ഷണങ്ങളോടെ സമൂഹത്തില്‍ മാതൃക തീര്‍ത്ത് ജീവിക്കുന്നവരും. അപര്‍ണാ സെന്നിന്റെ ദ റേപ്പിസ്റ്റ് അത്തരമൊരു ചുറ്റുപാടിലേക്കാണ് കാണികളെ നയിക്കുന്നത്.

കൊങ്കണ സെന്‍ ശര്‍മ്മ അവതരിപ്പിക്കുന്ന ക്രിമിനല്‍ മനശാസ്ത്ര പ്രൊഫസറായ നൈന മാലിക് എന്ന കഥാപാത്രത്തിലൂടെ നീങ്ങുന്ന കഥയില്‍ അതേ കോളജിലെ മറ്റൊരു പ്രൊഫസറായ അഫ്താബ് മാലിക്കുമായുള്ള ഊഷ്മളമായ ദാമ്പത്യജീവിതവും അതിലെ സ്വാതന്ത്ര്യവുമെല്ലാം കാണികള്‍ക്ക് സുന്ദരമായൊരു ആരംഭമാണ് സമ്മാനിക്കുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന അപമാനവും അവമതിപ്പുമെല്ലാം വരച്ചുവെച്ച ദ റേപ്പിസ്റ്റില്‍ പുരുഷാധിപത്യ ലോകത്തിലെ സ്ത്രീ ചൂഷണങ്ങളുടെ തനിപ്പകര്‍പ്പുകളാണ് അവതരിപ്പിച്ചത്.

രാത്രി പൊതു നിരത്തിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്ന നൈന മാലിക്കും സഹപ്രവര്‍ത്തകയായ മാലിനിയും പ്രദേശവാസികളായ രണ്ട് യുവാക്കളുടെ ക്രൂര പീഡനത്തിനിരയാകുകയും അതിനെ ചെറുത്തു നില്‍ക്കാനുള്ള ശ്രമത്തിനിടെയേറ്റ മര്‍ദ്ദനത്തില്‍ മാലിനി കൊല്ലപ്പെടുന്നതുമാണ് കഥയുടെ ഒഴുക്കിന്റെ ഗതിമാറ്റുന്നത്. അതിജീവിതയായ നൈന മാലിക് തന്റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതും കുറ്റവാൡകള്‍ക്കെതിരെ പോരാടുന്നതുമെല്ലാം ഹൃദയ സ്പര്‍ശിയായ രീതിയിലാണ് അപര്‍ണാ സെന്‍ അവതരിപ്പിക്കുന്നത്.

കാമം തേടുന്ന പുരുഷനെയും സ്ത്രീയെ അതിനുള്ള ഉപാധിയായ് മാത്രം വരച്ചു കാട്ടുന്ന സമൂഹത്തെയും തുറന്നു കാട്ടുന്ന റേപ്പിസ്റ്റില്‍ ഓരോ ഘട്ടവും ഭര്‍ത്താവില്‍ നിന്നും പൊലീസില്‍ നിന്നും വക്കീലില്‍ നിന്നും എന്തിന് പഠിപ്പിക്കുന്ന കുട്ടികളുടെ നോട്ടത്തില്‍ നിന്നുപോലും അപമാനവും അപകര്‍ഷതാ ബോധവും നേരിടേണ്ടി വരുന്ന അതിജീവിതയായ നൈന മാലിക്കിനെ നമുക്ക് കാണാം. പഠനത്തിന്റെ ഭാഗമായ് തന്നെ പീഡനത്തിനിരയാക്കിയ പ്രതിയെ സന്ദര്‍ശിക്കുന്നതും, പീഡനത്തിലൂടെയാണ് ഗര്‍ഭം ധരിച്ചതെന്നറിഞ്ഞിട്ടും കുട്ടിയെ നൈന സംരക്ഷിച്ചതുമെല്ലാം സ്ത്രീത്വത്തിന്റെ ശക്തിയും ബലവും സഹനശേഷിയുമാണ് കാണിക്കുന്നത്. കൊലപാതകവും പീഡനവും നടത്തിയതിനു ശേഷവും താന്‍ ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുന്നതിനു പകരം അതില്‍ ശിക്ഷിക്കാനിടയായത് നൈനയെ കൊല്ലാതെ വിട്ടതിനാലാണെന്ന് ആക്രോശിച്ചു കൊണ്ട് കൊലക്കയറിലേറാന്‍ പോകുന്ന റേപ്പിസ്റ്റായ പ്രതാപ് സിങ്ങെന്ന കഥാപാത്രം അതിന്റെ എല്ലാ ഭാവങ്ങളുമുള്‍ക്കൊണ്ട് തന്‍മയ് ധനന്യക്കും അവതരിപ്പിക്കാനായി. കഥയിലും നിര്‍മ്മാണത്തിലും അവതരണത്തിലുമെല്ലാം മികച്ച നിലവാരം പുലര്‍ത്തിയ റേപ്പിസ്റ്റ് എന്ന സിനിമ തിരുത്തപ്പെടാത്ത സമൂഹത്തിന്റെ നിലപാടുകളെയും സമീപനങ്ങളെയും ചര്‍ച്ചാ വിഷയമാക്കുകയാണ്.

അര്‍ജുന്‍ റാംപാല്‍, അനിന്ദിത ബോസ്, സുകേഷ് അറോറ, ദീപന്‍ഷാ ദിങ്‌റ, സന്തനു ബോസ്, വിജയ് കുമാര്‍ ദോഗ്ര എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു.

Exit mobile version