വാഹനങ്ങളിലെ തീപിടുത്തം ആവർത്തിക്കുന്നത് യാത്രക്കാരിൽ ഭീതിയുണർത്തുന്നു. കഴിഞ്ഞമാസം മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം വാകത്താനത്തെ അപകടം. ഫെബ്രുവരിയിൽ കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ വെന്തുമരിച്ചതിന് പിന്നാലെ കാറുകളിലെ തീപിടിത്തം സംസ്ഥാനമാകെ വലിയ ചർച്ചയായിരുന്നു. വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ ജില്ലയിലും നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കോട്ടയം നഗരത്തിൽ സിഎംഎസ് കോളജിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചത്. ഡ്രൈവറുടെ അവസരോചിത ഇടപെടലിലാണ് അന്ന് വൻ ദുരന്തം ഒഴിവായത്. ജൂണിൽ കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയെത്തിയ വാഹനത്തിനും തീപിടിച്ചിരുന്നു. പുതുപ്പള്ളി തോട്ടയ്ക്കാടായിരുന്നു സംഭവം.
അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ എന്തുകൊണ്ടാണ് വാഹനങ്ങൾക്ക് തീ പിടിക്കുന്നതെന്ന ചോദ്യങ്ങൾ ഉയരുകയാണ്. വാഹനങ്ങളുടെ ഇലക്ട്രിക്കൽ പാർട്ടുകളിൽ വരുത്തുന്ന മോഡിഫിക്കേഷനും അപകടങ്ങൾക്ക് വഴിവച്ചേക്കാം. പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ഷോർട്ട് സർക്യൂട്ട് ആണ്. കൂടാതെ പെട്രോൾ ടാങ്കിൽനിന്ന് എൻജിനിലേക്ക് പോകുന്ന പൈപ്പുകൾ വണ്ടുകൾ തുരക്കുകയും ലീക്കുണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ വിവിധ വാഹനങ്ങൾ ഈ അടുത്ത് സമീപിക്കുന്നുണ്ടെന്ന് വർക്ക്ഷോപ്പ് ഉടമയായ സന്തോഷ് പറഞ്ഞു. വാഹനത്തിന് തീപിടിച്ചാൽ വാഹനം ഓഫാക്കി പുറത്തിറങ്ങിയശേഷം സുരക്ഷിത അകലം പാലിക്കുക എന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം. യാത്രാ വേളയിലും നിർത്തിയിടുമ്പോഴുമെല്ലാം വാഹനങ്ങൾ തീപിടിക്കുന്ന അപകടങ്ങൾ വർധിക്കുന്നതു പഠിക്കാൻ സർക്കാർ സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ ഫൊറൻസിക് വിഭാഗം മുൻ ജോയിന്റ് ഡയറക്ടർ ഡോ. എസ് പി സുനിൽ, സാങ്കേതിക വിദഗ്ധൻ കെ ജെ രമേശ്, പ്രഫ. ഡോ. മനോജ് കുമാർ, പ്രഫ. ഡോ. കമൽ കൃഷ്ണ, ട്രാഫിക് ഐ ജി, അഡീഷനൽ ട്രാൻസ്പോർട് കമ്മിഷണർ എന്നിവരാണ് അംഗങ്ങൾ.
English Summary:the reason behind fire catches on vehicle
You may also like this video