Site iconSite icon Janayugom Online

ഫ്ലാറ്റിലെ കൊലപാതകത്തിന് കാരണം പണമിടപാട് തര്‍ക്കം

flatflat

കാക്കനാട് ഫ്ലാറ്റിൽ നിലമ്പൂർ വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ സുഹൃത്തു കൊലപ്പെടുത്തിയത് കടം വാങ്ങിയ 50000 രൂപ തിരികെ നൽകാതിരുന്നതിനാലെന്ന് പൊലീസ്.
കടമായി വാങ്ങിയ പണം തിരികെ നൽകാതിരുന്നതോടെ പകരം ലഹരി മരുന്നു നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതും പാലിക്കാതെ വന്നതോടെ അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ. ഇവർ ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിനിടെ ഇതു സംബന്ധിച്ച തർക്കം ഉടലെടുക്കുകയും ആക്രമിക്കുകയുമായിരുന്നു എന്നു പറയുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചു കൊലപ്പെടുത്തിയാതാണോ എന്നും സംശയവുമുണ്ട്.
അർഷാദിനു പുറമേ കൂടുതൽ പ്രതികൾ കേസിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അർഷാദിനൊപ്പം കാസർകോടു നിന്നു പിടിയിലായ ലഹരി മരുന്നു കേസ് പ്രതിക്ക് കേസുമായി ബന്ധമുണ്ടോ എന്നു സ്ഥിരീകരിക്കാനും പൊലീസ് തയാറായിട്ടില്ല. ഇന്നു കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ അഞ്ചു ദിവസത്തേയ്ക്കു കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകം സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ പുറത്തുവരൂ.
പ്രതികൾ കൊല നടത്തിയ ശേഷം മൃതദേഹം മറവു ചെയ്യുന്നതിനു പദ്ധതികൾ തയാറാക്കിയിരുന്നു. വീടു വൃത്തിയാക്കിയിട്ടതും മൃതദേഹം പൊതിഞ്ഞു കെട്ടിയതുമെല്ലാം കൃത്യമായ പദ്ധതിയോടെയായിരുന്നു. എന്നാൽ വിചാരിച്ച രീതിയിൽ മൃതദേഹം താഴെ എത്തിക്കാൻ സാധിക്കാതിരുന്നതാണ് പദ്ധതി പാളാൻ കാരണം. നേരത്തെ യുവാക്കൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ വൻതോതിൽ ലഹരി ഉപയോഗവും ഇടപാടുകളും നടന്നിരുന്നതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്.
പണം നൽകുന്ന ആളുകൾക്ക് മുറിയിലെത്തി ലഹരി ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നതായും ഇവിടെ നിരവധി യുവാക്കൾ വന്നു പോയിരുന്നതായും വ്യക്തമായിട്ടുണ്ട്. 

Eng­lish Sum­ma­ry: The rea­son for the mur­der in the flat was a mon­ey dispute

You may like this video also

Exit mobile version